സഞ്ജു സാംസൺ തിരിച്ചെത്തുന്നു; ഫോട്ടോ പങ്കുവച്ച് താരം, ‘വെൽകം ബാക്ക്’ പറഞ്ഞ് ആരാധകർ
ഇന്ത്യൻ ടീമിന്റെ വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ പരിക്ക് ഭേദമായി തിരിച്ചെത്തുന്നു. താരം തന്നെയാണ് ഇതിന്റെ സൂചന നൽകിയിരിക്കുന്നത്. മുന്നോട്ടുപോകാൻ തയ്യാറാണെന്ന അടിക്കുറിപ്പോടെ സഞ്ജു സാംസൺ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ചിത്രമാണ് ശ്രദ്ധനേടുന്നത്.
ഈ മാസമാദ്യം നടന്ന ശ്രീലങ്കയ്ക്കെതിരായ ടി20 മത്സരത്തിനിടെ കാൽമുട്ടിന് പരിക്കേറ്റ സഞ്ജു കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. ഇതിനെത്തുടർന്ന് ന്യൂസിലാൻഡിനായുള്ള പരമ്പരയ്ക്കുള്ള ടീമിൽ സഞ്തുവിനെ ഉൾപ്പെടുത്തിയിരുന്നില്ല. അടുത്തിടെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ ഫിറ്റ്നെസ് ടെസ്റ്റ് നടത്തിയതിന്റെ വീഡിയോ താരം പങ്കുവച്ചിരുന്നു. പരിക്ക് ഭേദമായിരിക്കുന്നുവെന്നും ഗുരുതരമല്ലെന്നും ഉടൻ തിരിച്ചെത്തിയേക്കുമെന്നും താരം പറഞ്ഞു.
ഫിറ്റ്നെസ് ക്ളിയറൻസ് ലഭിക്കുന്നതിനായാണ് സഞ്ജു എൻ സി എയിൽ എത്തിയത്. ഇവിടെനടക്കുന്ന പരിശോധനയിൽ പരിക്കിൽ നിന്ന് മോചിതനായെന്ന് ഉറപ്പായാൽ താരത്തെ ഇനിവരുന്ന പരമ്പരകളിൽ പരിഗണിച്ചേക്കും. കേരളത്തിനായി രഞ്ജി ട്രോഫിയിൽ കളിക്കാനും താരത്തിന് എൻ സി എ ക്ളിയറൻസ് ആവശ്യമാണ്.