പൂമുഖ വാതിലിൽ സ്നേഹം വിടർത്തുന്ന ഭാര്യയെ പ്രതീക്ഷിക്കണ്ട: പുരുഷൻമാർ അറിയാൻ!
ഒരു പ്രണയബന്ധം തുടങ്ങുമ്പോഴുളള ആവേശവും സന്തോഷവും വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ അതേ അളവില്‍ ഉണ്ടാവണമെന്നില്ല. അതിന്റെ കാരണം പലപ്പോഴും സ്വരചേര്‍ച്ചയില്ലായ്മയും ഉളളിലെ സ്നേഹം പ്രകടിപ്പിക്കാതിരിക്കുന്നതുമാണ്. തന്റെ പങ്കാളിയുമായി ദീര്‍ഘകാലത്തോളം പ്രശ്നങ്ങളില്ലാതെ സ്നേഹം നിലനിര്‍ത്തി ജീവിക്കാന്‍ ഒരാള്‍ക്ക് എങ്ങനെ സാധിക്കും? അതിനുളള വഴികളാണ് ഇനി പറയാന്‍ പോവുന്നത്. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പങ്കാളികള്‍ തമ്മിലുളള ബന്ധം കൂടുതല്‍ ശക്തിപ്പെടാനും സന്തോഷപൂര്‍വം ജീവിതം മുന്നോട്ടു നയിക്കാനും സാധിക്കും.
പ്രണയത്തില്‍ വീഴാന്‍ എളുപ്പമാണ്. എന്നാല്‍ അത് നിലനിര്‍ത്താനാണ് പ്രയാസം. അതിന് സത്യസന്ധതയും സ്നേഹവും പങ്കാളിയിലുളള വിശ്വാസവും മാനസിക അടുപ്പവുമെല്ലാം പ്രധാനമാണ്. നിങ്ങള്‍ക്ക് തുല്യമായി വേണം പങ്കാളിയെയും പരിഗണിക്കാന്‍. പരസ്പരം മനസ്സിലാക്കാനും താങ്ങായും തണലായും ഏത് ഘട്ടത്തിലും ഒപ്പം നില്‍ക്കാനും സാധിച്ചാല്‍ ഏത് ബന്ധവും ഊഷ്മളതയോടെ നിലനിര്‍ത്താം.
ജീവിതപങ്കാളിയുമായുളള സ്നേഹം നിലനിര്‍ത്താന്‍ പുരുഷന്മാര്ക്കുവേണ്ടി അഞ്ച് മാര്‍ഗ്ഗങ്ങള്‍ പങ്കുവയ്ക്കുന്നു ക്ലിനിക്കല്‍ ഇന്റഗ്രേറ്റഡ് തെറാപ്പിസ്റ്റും കൗണ്‍സലറുമായ ഡോക്ടര്‍ പ്രിയങ്ക ബാക്രു.
ദൗര്‍ബല്യങ്ങള്‍ മറച്ചുപിടിക്കാതിരിക്കുക
നിങ്ങള്‍ക്ക് പങ്കാളിയില്‍നിന്ന് സ്നേഹവും കരുതലും ആത്മാർഥതയും വേണമെങ്കില്‍ അത് ആദ്യം നിങ്ങള്‍ നല്‍കണം. സ്വന്തം വിഷമങ്ങളും സന്തോഷങ്ങളും തുറന്നുപറയാന്‍ ഒരിക്കലും മടിക്കരുത്. ആ തുറന്നുപറച്ചിലുകളിലൂടെ നിങ്ങള്‍ ചെറുതാവുകയല്ല ചെയ്യുന്നത്, പകരം നിങ്ങളുടെ മനസ്സറിഞ്ഞ് ഒപ്പം നില്ക്കുന്ന ഒരു സുഹൃത്തിനെയാണ് നിങ്ങള്‍ക്ക് ലഭിക്കുക.
സ്വപ്നവും യാഥാര്‍ഥ്യവും
പൂമുഖ വാതില്ക്കല്… എന്ന ഗാനം എല്ലാ മലയാളികള്‍ക്കും പരിചിതമാണ്. അതില്‍ പറഞ്ഞുവയ്ക്കുന്ന ഭാര്യാസങ്കല്പങ്ങളുണ്ട്. അങ്ങനെയാവണം തന്റെ ഭാര്യയെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? അല്ലെങ്കില്‍ പറഞ്ഞും കേട്ടും ഉറപ്പിച്ച ചില സങ്കല്പങ്ങള്ക്കൊപ്പം നിങ്ങളുടെ പങ്കാളിയും എത്തണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ദീര്ഘകാലമുളള സന്തോഷകരമായ ബന്ധമെന്ന സ്വപ്നം മറന്നേക്കുക.
കാരണം ഓരോ വ്യക്തിയും വ്യത്യസ്തമായ ജീവിത ചുറ്റുപാടില്‍ വളര്‍ന്ന് സ്വന്തമായ ചിന്തകളും സ്വപ്നങ്ങളും ഉളളവരായിരിക്കും. ഒരാളുടെ സങ്കല്പങ്ങള് മറ്റൊരാളില്‍ അടിച്ചേല്പിക്കുന്നത് സന്തോഷകരമായ ജീവിതം നയിക്കുന്നതിനു തടസമാവും. പങ്കാളിയുടെ നല്ലകാര്യങ്ങളും കുറവുകളും മനസ്സിലാക്കി അതിനെ ഉള്‍ക്കൊണ്ട് മുന്നോട്ടുപോയാല്‍ മാത്രമേ ജീവിതം സന്തോഷകരമാവൂ. അതുകൊണ്ടുതന്നെ ഒരു വ്യക്തിയെന്ന പരിഗണനയും ബഹുമാനവും പങ്കാളിക്ക് നല്കാന് പ്രത്യേകം ശ്രദ്ധിക്കാം.
ചെറിയ കാര്യങ്ങളും ശ്രദ്ധിക്കാം
നല്ലതു ചെയ്യുമ്പോള്‍ അതിനെ അവഗണിക്കുകയും തെറ്റുകള്‍ മാത്രം ചൂണ്ടിക്കാട്ടുകയും ചെയ്താല്‍ അവിടെ സ്നേഹത്തിന് ഇടമില്ലാതാവും. നല്ലകാര്യങ്ങള്‍ക്ക് അഭിനന്ദിക്കാന്‍ ഒരിക്കലും പിശുക്ക് കാട്ടരുത്. അപ്പോള്‍ തെറ്റ് ചെയ്യുമ്പോള്‍ നിങ്ങള്‍ ചൂണ്ടിക്കാണിച്ചാലും അത് ഉള്‍ക്കൊളളാനുളള മനസ്സ് പങ്കാളിക്ക് ഉണ്ടാവും. ചെറിയ കാര്യങ്ങളാണെങ്കിലും അവര്‍ പറയുന്നതിന് ചെവി കൊടുക്കുകയും അവരെ ഒഴിവാക്കാതിരിക്കുകയും ചെയ്യുന്നതിലൂടെ പങ്കാളിയെന്ന നിലയില്‍ നിങ്ങളോട് സ്നേഹം കൂടുകയേ ഉളളൂ.
ഒരുമിച്ചു നില്ക്കാം
നാലാളുകൂടിയാല്‍ പങ്കാളിയെ കളിയാക്കുകയും അധികാരം കാണിക്കുകയും ചെയ്യുന്ന ശീലം പലര്‍ക്കുമുണ്ട്. അത്തരം സ്വഭാവരീതികള്‍ എത്രയും പെട്ടെന്ന് മാറ്റാന്‍ ശ്രമിച്ചാല്‍ മാത്രമേ നിങ്ങള്‍ക്ക് സന്തോഷകരമായ ബന്ധം സ്വപ്നം കാണാന്‍ പോലും സാധിക്കൂ. കുടുംബത്തിനും കൂട്ടുകാര്‍ക്കും മുന്നില്‍ പങ്കാളിയെ കുറ്റപ്പെടുത്തുകയും കളിയാക്കുകയും ചെയ്യുന്നതിന് പകരം ചേര്‍ത്തു നിര്‍ത്തിനോക്കൂ. പങ്കാളി മാത്രമല്ല മറ്റുളളവര്കൂടി നിങ്ങളെ അതിന് അഭിനന്ദിക്കും. മെയ്ഡ് ഫോര്‍ ഈച്ച് അതര്‍ എന്ന വിശേഷണം പോലും നിങ്ങള്‍ക്ക് ഇതിലൂടെ ലഭിച്ചേക്കാം. എന്നാല്‍ മറ്റുളളവരെ കാണിക്കാന്‍ വേണ്ടിയുളള പ്രകടനമാവരുത്, പകരം ആത്മാർഥമായിരിക്കണം.
സര്പ്രൈസുകള്ക്കുളള പങ്ക്
പ്രണയത്തിന്റെ ആദ്യ ദിനങ്ങള്‍ മധുരതരമാവുന്നത് പലപ്പോഴും ആ കാലങ്ങളില്‍ സംഭവിക്കുന്ന ചെറുതും വലുതുമായ സര്‍പ്രൈസുകൾ കൂടി കാരണമാണ്. അപ്രതീക്ഷിതമായി കാണാനെത്തുന്നത്, സിനിമയ്ക്കു പോകുന്നത്, ഇഷ്ട ഭക്ഷണം വാങ്ങികൊടുക്കുന്നത്, ആഗ്രഹിച്ചിരിക്കുന്ന കാര്യങ്ങള്‍ സാധിച്ചുകൊടുക്കുന്നത്… ഇങ്ങനെ പോകും സര്‍പ്രൈസുകള്‍.
സര്‍പ്രൈസുകള്‍ക്ക് പങ്കാളികള്‍ തമ്മിലുളള ബന്ധം സന്തോഷത്തോടെ നിലനിര്‍ത്തുന്നതില്‍ ചെറിയ അളവിലെങ്കിലും പങ്കുണ്ട്. ജോലി കഴിഞ്ഞ് ചില ദിവസങ്ങളിലെങ്കിലും നേരത്തെ എത്തുക, ഒന്നിച്ച് സിനിമയ്ക്ക് പോവുക, യാത്രകള്‍ പോവുക ഇതെല്ലാം അപ്രതീക്ഷിതമായി നടക്കുമ്പോള്‍ ഏതൊരാള്‍ക്കും പെട്ടെന്ന് സന്തോഷം വരും. ഇങ്ങനെ ചെറിയ ചെറിയ സര്‍പ്രൈസുകളിലൂടെ പിണക്കങ്ങള്‍ മാറാനും സന്തോഷം നിലനിര്‍ത്താനും സാധിക്കും.