സ്ത്രീകളിൽ ലൈംഗികാരോഗ്യം നിലനിർത്തുന്ന ഹോർമോണുകൾ
സ്ത്രീകളിലെ ലൈംഗികാരോഗ്യം ഹോർമോണുകളുമായി ബന്ധപ്പെട്ടിരിക്കുന്നു. ലൈംഗികാരോഗ്യം സ്ത്രീകളിൽ നിലനിർത്തണമെങ്കിൽ ഹോർമോണുകൾ കൂടിയേ തീരൂ. ഗർഭം, അണ്ഡോൽപാദനം, ആർത്തവചക്രം ഇവയെല്ലാം നിയന്ത്രിക്കുന്നത് ഹോർമോണുകളാണ്. ഹോർമോൺ അസന്തുലനം സ്ത്രീകളുടെ ലൈംഗികാരോഗ്യത്തെ ബാധിക്കും.
∙ടെസ്റ്റോസ്റ്റീറോൺ : സ്ത്രീകളിലെ ലൈംഗിക തൃഷ്ണയെ സ്വാധീനിക്കുന്ന പ്രധാന ഹോർമോൺ ആണ് ടെസ്റ്റോസ്റ്റീറോൺ. ടെസ്റ്റോസ്റ്റീറോണിന്റെ അളവ് കുറയുന്നത് ലൈംഗികാസക്തിയെയും ലൈംഗിക താൽപര്യത്തെയും കുറയ്ക്കും. യോനിയുടെ ആരോഗ്യം ഈസ്ട്രജൻ ഹോർമോണിന്റെ അളവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈസ്ട്രജന്റെ അളവു കുറയുന്നത് യോനി വരണ്ടതാകാനും ഇലാസ്റ്റിസിറ്റി കുറയാനും കാരണമാകും.
∙പ്രൊജസ്ട്രോൺ: സ്ത്രീകളിലെ ലൈംഗികാരോഗ്യത്തെ സ്വാധീനിക്കുന്ന മറ്റൊരു ഹോർമോൺ ആണ് പ്രോജസ്ട്രോൺ. ആർത്തവത്തെ നിയന്ത്രിക്കുന്നതോടൊപ്പം ശരീരത്തെ ഗർഭധാരണത്തിനായി തയാറെടുപ്പിക്കുന്നതും ഈ ഹോർമോൺ ആണ്. പ്രൊജസ്ട്രോണിന്റെ അഭാവം ക്രമംതെറ്റിയ ആർത്തവത്തിനു കാരണമാകുന്നു. ഒപ്പം ഗർഭധാരണം പ്രയാസമുള്ളതും ആക്കുന്നു.
∙തൈറോയ്ഡ് : തൈറോയ്ഡ് ഹോർമോൺ ലൈംഗികാരോഗ്യത്തിൽ പ്രധാന പങ്കു വഹിക്കുന്നു. ഇവ ശരീരത്തിന്റെ ഉപാപചയപ്രവർത്തനം നിയന്ത്രിക്കുന്നു. ഇത് ലൈംഗികതയെ ബാധിക്കും. ഹൈപ്പോ തൈറോയ്ഡിസം ക്ഷീണം, ശരീരഭാരം കൂടുക, ലൈംഗികതൃഷ്ണ കുറയുക ഇവയ്ക്ക് കാരണമാകും.
∙രോഗങ്ങൾ : പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (PCOS), പ്രമേഹം ഇവ ഹോർമോൺ നിലയെയും ലൈംഗികാരോഗ്യത്തെയും ബാധിക്കും. ക്രമംതെറ്റിയ ആർത്തവം, വന്ധ്യത, ലൈംഗികതാൽപര്യക്കുറവ് ഇവയ്ക്കെല്ലാം പിസിഒഎസ് കാരണമാകും. പ്രമേഹവും സ്ത്രീകളിലെ ലൈംഗികതാൽപര്യക്കുറവിലേക്കു നയിക്കാം.
∙ഹോർമോൺ അസന്തുലനം
ആർത്തവ വിരാമം മൂലം ഹോർമോൺ അസന്തുലനം ഉണ്ടാകാം. ആർത്തവവിരാമം സംഭവിക്കുമ്പോൾ ഈസ്ട്രജന്റെ അളവ് കുറയുന്നു. ഇത് യോനി വരൾച്ചയ്ക്കും ലൈംഗികതാൽപര്യക്കുറവിനും കാരണമാകും.
ഹോർമോൺ അസന്തുലനം ഉണ്ടെന്നു തോന്നിയാൽ വൈദ്യസഹായം തേടണം. ആരോഗ്യകരമായ ജീവിതശൈലി പിന്തുടരേണ്ടതും ഹോർമോൺ സന്തുലനത്തിന് ആവശ്യമാണ്.