റെസ്റ്റോറന്റ് ഉടമയായ യുവാവിനെയും മാതാവിനെയും കാറിലെത്തിയ രണ്ടംഗ സംഘം ചേർന്ന് കുത്തിപ്പരുക്കേൽപിച്ചതായി പരാതി;നരഹത്യാശ്രമത്തിന് കേസെടുത്തു
ബദിയഡുക്ക: കാറിലെത്തിയ രണ്ടംഗ സംഘം റെസ്റ്റോറന്റ് ഉടമയായ യുവാവിനെയും മാതാവിനെയും കുത്തിപ്പരുക്കേൽപിച്ചതായി പരാതി. ബദിയഡുക്ക നെല്ലിക്കട്ട അൻസാർ നഗറിലെ മുഹമ്മദ് ഹനീഫ് (25), മാതാവ് നഫീസ (45) എന്നിവരെയാണ് ആക്രമിച്ചതെന്നാണ് പരാതി. സംഭവത്തിൽ ബദിയഡുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ അൻവർ, അൻസാർ എന്നിവർക്കെതിരെ ഐപിസി 308 ഉൾപെടെയുള്ള വകുപ്പുകൾ പ്രകാരം നരഹത്യാശ്രമത്തിന് ബദിയഡുക്ക പൊലീസ് കേസെടുത്തു.
മുഹമ്മദ് ഹനീഫ് തിരുവനന്തപുരത്ത് റെസ്റ്റോറന്റ് ഉടമയാണ്. ഒരുവർഷം മുമ്പുള്ള വിരോധമാണ് വധശ്രമത്തിന് കാരണമെന്നാണ് ഹനീഫ് പറയുന്നത്. ഹനീഫിന് നെറ്റിക്കും വയറിനും കൈക്കും യുവാവിന്റെ മാതാവിന് വയറിനും പരിക്കേറ്റതായാണ് വിവരം. ഇരുവർക്കും ചെങ്കള നായനാർ ആശുപത്രിയിൽ ചികിത്സ നൽകി. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. ഒരു നഴ്സിന്റെ പേരിലുള്ള വെളുത്ത കെ എൽ 18 എഫ് 5505 നമ്പർ സ്വിഫ്റ്റ് കാറിലാണ് രണ്ടംഗ സംഘം വീടിന് മുന്നിൽ എത്തിയതെന്നാണ് പറയുന്നത്.
വീട്ടിന്റെ ഗേറ്റിന് മുന്നിൽ വെച്ച് ഹനീഫിനെ കുത്തിപ്പരുക്കേൽപിക്കുകയും തടയാൻ ചെന്നപ്പോഴാണ് മാതാവിന് പരുക്കേറ്റതെന്നുമാണ് പരാതിയിൽ പറയുന്നത്. കാർ ഉടമയായ നഴ്സിന്റെ മകന്റെ കൂട്ടുകാരാണ് പ്രതികളായ അൻവറും അൻസാറുമെന്നും ഇവർ വാടകയ്ക്ക് ആണ് കാർ എടുത്തതെന്നുമാണ് വിവരം. അക്രമത്തിന് ശേഷം നെല്ലിക്കട്ട വൈ നഗറിലെ നിർമാണം നടന്നുകൊണ്ടിരിക്കുന്ന ക്വാർടേഴ്സിന് മുന്നിൽ കാർ നിർത്തി പ്രതികൾ രക്ഷപ്പെടുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
പിന്നീടാണ് കാർ അടിച്ചുതകർത്ത നിലയിൽ കണ്ടത്. വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ എത്തിയ പൊലീസ്, സ്റ്റാർടിങ് പോയിന്റ് അടക്കം തല്ലിപ്പൊളിച്ച് ഊരികൊണ്ടുപോയതിനാൽ കെട്ടിവലിച്ച് വാഹനത്തിൽ കയറ്റിയാണ് സ്റ്റേഷനിലേക്ക് കൊണ്ടുപോയതെന്ന് അധികൃതർ വ്യക്തമാക്കി. ലഹരി മാഫിയ സംഘത്തെ ചോദ്യം ചെയ്തതിലുള്ള വിരോധമാണ് അക്രമത്തിന് കാരണമെന്ന് ഹനീഫ് കാസർകോട് വാർത്തയോട് പറഞ്ഞു. പ്രതികൾക്ക് വേണ്ടി അന്വേഷണം ഊർജിതപ്പെടുത്തിയിട്ടുണ്ടെന്ന് ബദിയടുക്ക പൊലീസ് അറിയിച്ചു.