കൊല്ലത്ത് വീടുവളഞ്ഞ് പിടികൂടാൻ ശ്രമിച്ചപ്പോൾ വടിവാൾ വീശി; പ്രതികൾക്ക് നേരെ നാല് റൗണ്ട് വെടിയുതിർത്ത് പൊലീസ്
കൊല്ലം: വടിവാൾ വീശിയ ഗുണ്ടകൾക്ക് നേരെ പ്രാണരക്ഷാർത്ഥം പൊലീസ് വെടിയുതിർത്തു. അടൂർ റെസ്റ്റ് ഹൗസ് മർദനക്കേസിലെ മൂന്ന് പ്രതികളാണ് പൊലീസിനെ ആക്രമിച്ചത്. ഇവരെ പിടികൂടാനായി കൊല്ലം പടപ്പക്കരയിൽ എത്തിയതായിരുന്നു പൊലീസ്.പ്രതികളിലൊരാളെ പിടികൂടിയെങ്കിലും രണ്ടുപേർ കായലിൽ ചാടി രക്ഷപ്പെട്ടു. കുണ്ടറ പൊലീസ് നാല് റൗണ്ട് വെടിയുതിർത്തു. എന്നാൽ ആർക്കും വെടിയേറ്റിട്ടില്ലെന്നാണ് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം.ആന്റണിയും ലിജോയും അടക്കം മൂന്ന് പ്രതികൾ കുണ്ടറയിൽ ഒളിവിൽ കഴിയുന്നുണ്ടെന്ന് വിവരം ലഭിച്ചതിനെത്തുടർന്ന് ഇൻഫോ പാർക്ക് സി ഐ വിപിൻ ദാസിന്റെ നേതൃത്വത്തിലുള്ള സംഘം പടപ്പക്കരയിലേക്കെത്തുകയായിരുന്നു.വീട് വളഞ്ഞ് പിടികൂടാൻ ശ്രമിക്കുന്നതിനിടെ പ്രതികൾ ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. പിന്നാലെ ഓടിയപ്പോൾ ഇവർ പൊലീസിന് നേരെ വടിവാൾ വീശി. ഇതോടെ പ്രാണരക്ഷാർത്ഥം സി ഐ നാല് തവണ വെടിയുതിർക്കുകയായിരുന്നു. ഇതിനിടെ ആന്റണിയും ലിജോയും കായലിൽ ചാടി രക്ഷപ്പെട്ടു.