കടുവ സങ്കേത പരിധിക്കുള്ളില്‍ നിന്ന് മാറുന്ന കുടുംബങ്ങള്‍ക്ക് പതിനഞ്ച് ലക്ഷം നല്‍കും -കേന്ദ്രം
ന്യഡല്‍ഹി: രാജ്യത്തെ കടുവ സങ്കേതങ്ങളുടെ പരിധി മേഖലയില്‍ നിന്ന് സ്വയം സന്നദ്ധമായി മാറുന്ന കുടുംബങ്ങള്‍ക്ക് പതിനഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കുമെന്ന് ദേശീയ കടുവ സംരക്ഷണ അതോറിറ്റി. ലോകത്തിലെ കടുവകളുടെ എഴുപത് ശതമാനവും ഇന്ത്യയിലാണെന്നും അതോറിറ്റി സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
കടുവ ആവാസ കേന്ദ്രങ്ങളിലെ കോര്‍/ക്രിട്ടിക്കല്‍ മേഖലകളിലുള്ളവര്‍ക്കായി സ്വയം സന്നദ്ധ പുനരധിവാസ പദ്ധതി പ്രകാരം മാറുന്ന കുടുംബങ്ങള്‍ക്ക് നേരത്തെ നല്‍കിയിരുന്നത് പത്ത് ലക്ഷം രൂപയായിരുന്നു. ഈ തുക പതിനഞ്ച് ലക്ഷമായി ഉയര്‍ത്തിയെന്നാണ് ദേശീയ കടുവ സംരക്ഷണ അതോറിറ്റി സുപ്രീം കോടതിയെ അറിയിച്ചത്. പദ്ധതി നടപ്പാക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണെങ്കിലും പണം കേന്ദ്രം കൈമാറുമെന്നാണ് സത്യവാങ്മൂലത്തില്‍ വിശദീകരിച്ചിരിക്കുന്നത്.
പ്രതിവര്‍ഷം കടുവകളുടെ എണ്ണത്തില്‍ ഇന്ത്യയില്‍ ആറ് ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തുന്നത്. കടുവകളുടെ എണ്ണം ഇരട്ടിയാക്കണമെന്ന ലക്ഷ്യം 2018-ല്‍ തന്നെ കൈവരിച്ചതാണ്. 2018 ലെ സെന്‍സസ് പ്രകാരം 2967 കടുവകളാണ് രാജ്യത്ത് ഉള്ളത്. നിലവില്‍ 53 കടുവ സംരക്ഷണ കേന്ദ്രങ്ങളാണ് ഇന്ത്യയിലുള്ളത്.