മുംബൈ: കാമുകിയെ ആളൊഴിഞ്ഞ റെയില്‍വേ ട്രക്കില്‍ കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് ട്രെയിനിടിച്ച് മരിച്ചു. 37 കാരനായ യുവാവില്‍ നിന്ന് വിധവയായ യുവതി പണം കടമായി വാങ്ങിയിരുന്നു. അങ്ങനെ തുടങ്ങിയ പരിചയം പീന്നീട് പ്രണയ ബന്ധമായി മാറുകയായിരുന്നു. വിധവയായ യുവതിക്ക് മൂന്ന് പെണ്മക്കളാണ് ഉളളത്. യുവാവിനും വേറെ ഭാര്യയും മക്കളുമുണ്ട്.അടുപ്പം കൂടിയതോടെ യുവതി കടം മേടിച്ച പണം തിരികെ നല്‍കിയില്ല. കഴിഞ്ഞ ജനുവരി 18 ന് ഇരുവരും മതുംഗ റോഡിലെത്തി. ആദ്യമായി മുംബൈയില്‍ എത്തിയ യുവതിയോട് ട്രെയിനില്‍ വീട്ടിലേയ്ക്ക് പോകാമെന്ന് പറഞ്ഞാണ് റെയില്‍വേ സ്റ്റേഷനില്‍ കൊണ്ടു വന്നത്. ഇരുവരും റെയില്‍വേ ട്രാക്കിലൂടെ നടക്കുന്ന സിസടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.
ആളൊഴിഞ്ഞ ഒറ്റപ്പെട്ട സ്ഥലത്ത് എത്തിയപ്പോള്‍ പിന്നാലെയെത്തി യുവാവ് യുവതി ധരിച്ചിരുന്ന ഷാള്‍ കഴുത്തില്‍ കുരുക്കി കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. ബലം പ്രയോഗിച്ച യുവതി യുവാവിന്റെ പിടിയില്‍ നിന്നും രക്ഷപ്പെട്ടു. ഇതോടെ യുവതിയുടെ ബാഗുമെടുത്ത് ട്രാക്കിലൂടെ തന്നെ നടന്ന യുവാവിനെ ട്രെയിനിടിക്കുകയായിരുന്നു.
പേടിച്ച് ഓടിയ യുവതിയാണ് പൊലീസിനോടും യാത്രക്കാരോടും അപകടത്തെ കുറിച്ച് പറഞ്ഞത്. പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി, യുവാവിന്റെ മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിന് അയച്ചു. എന്നാല്‍ സംഭവം നടന്ന് കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ യുവാവിന്റ വീട്ടുകാര്‍ പൊലീസ് അന്വേഷണം വേണമെന്ന ആവശ്യവുമായി രംഗത്തെത്തി. യുവാവിന്റെ ദുരൂഹ മരണത്തില്‍ യുവതിയുടെ പങ്ക് കൂടി അന്വേഷിക്കണമെന്നായിരുന്നു ആവശ്യം.
എന്നാല്‍ സംഭവത്തിന്റെ വിവിധ ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും യുവതിക്കെതിരെ ഒരു തെളിവും ലഭിച്ചില്ല എന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്തിനാണ് യുവാവ് യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത് എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം പൊലീസിന്റെ പക്കലുമില്ല.കടം നല്കിയ പണത്തെ ചൊല്ലിയുണ്ടായ തര്‍ക്കമായിരിക്കാം കൊലപാതകത്തിന്റെ പ്രകോപന കാരണം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവ സ്ഥലത്ത് നേരത്തെയും നിരവധി കുറ്റകൃത്യങ്ങള്‍ നടന്നിട്ടുണ്ട്.