ഇത്തരത്തിലൊരു പിച്ച് ഒട്ടും പ്രതീക്ഷിച്ചില്ല: ഹാര്‍ദിക് പാണ്ഡ്യ
ന്യൂഡല്‍ഹി: ന്യൂസീലന്‍ഡിനെതിരായ ആദ്യ ട്വന്റി 20 മത്സരത്തില്‍ പരാജയപ്പെട്ടതിന്റെ ഞെട്ടലിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ഒരു ഘട്ടത്തില്‍ വിജയം നേടുമെന്ന് കരുതിയ ഇന്ത്യ പെട്ടെന്ന് തകര്‍ച്ചയിലേക്ക് വീഴുകയായിരുന്നു. അവസാന ഓവറുകളില്‍ ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദര്‍ അടിച്ചുതകര്‍ത്തെങ്കിലും ഇന്ത്യ 21 റണ്‍സിന്റെ തോല്‍വി ഏറ്റുവാങ്ങി.
മത്സരം നടന്ന റാഞ്ചി സ്റ്റേഡിയത്തിലെ പിച്ച് അത്ഭുതപ്പെടുത്തിയെന്ന് ഇന്ത്യന്‍ നായകന് ഹാര്‍ദിക് പാണ്ഡ്യ മത്സരശേഷം പറഞ്ഞു. ‘ ഇത്തരത്തിലൊരു പിച്ച് അപ്രതീക്ഷിതമായിരുന്നു. ആരും ഇത് പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. ന്യൂസീലന്‍ഡ് നന്നായി കളിച്ചു. ന്യൂ ബോള്‍ നന്നായി തിരിയുന്നത് കണ്ട് അത്ഭുതപ്പെട്ടുപോയി. പഴയ പന്ത് തിരിയുന്നതിനേക്കാള്‍ മികവിലാണ് ന്യൂബോള്‍ പിച്ചില്‍ ടേണ്‍ ചെയ്തത്. അത് ഏവരെയും അത്ഭുതപ്പെടുത്തി’- ഹാര്‍ദിക് പറഞ്ഞു.
സൂര്യകുമാറുമായുള്ള കൂട്ടുകെട്ട് മുന്നോട്ട് പോയിരുന്നെങ്കില്‍ ഇന്ത്യ വിജയം നേടിയേനെയെന്ന് ഹാര്‍ദിക് വ്യക്തമാക്കി. ‘ ഞാനും സൂര്യയും ക്രീസിലുണ്ടായിരുന്നപ്പോള്‍ വിജയം നേടുമെന്ന് ടീം പ്രതീക്ഷിച്ചു. പക്ഷേ അത് നടന്നില്ല. വാഷിങ്ടണ്‍ സുന്ദറിന്റെ പ്രകടനം അത്യുഗ്രനായിരുന്നു.’ -ഹാര്‍ദിക് വ്യക്തമാക്കി.
മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ കിവീസ് ഇപ്പോള്‍ 1-0 ന് മുന്നിലാണ്. പരമ്പരയിലെ അടുത്ത മത്സരം ഞായറാഴ്ച ലഖ്നൗവില്‍ നടക്കും. വൈകിട്ട് 7 മണിക്കാണ് മത്സരം ആരംഭിക്കുന്നത്.