കുളിമുറിയിലെ ബക്കറ്റില്‍വീണ് ഒന്നര വയസ്സുകാരി മുങ്ങിമരിച്ചു
കാട്ടൂര്‍: വീട്ടിനുള്ളിലെ കുളിമുറിയിലെ ബക്കറ്റില്‍ വീണ് ഒന്നര വയസ്സുകാരി മുങ്ങിമരിച്ചു. കാട്ടൂര്‍ പൊഞ്ഞനം സ്വദേശി കുറ്റിക്കാടന്‍ ഡോ. ജോര്‍ജിന്റെയും സിസിയുടെയും മകള്‍ എല്‍സ മറിയമാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു അപകടം. ദമ്പതിമാര്‍ക്ക് ഒരേ സമയം ജനിച്ച മൂന്ന് മക്കളില്‍ താഴെയുള്ള പെണ്‍കുട്ടിയാണ് മരിച്ച എല്‍സ മറിയം.
രാത്രി കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് വീട്ടിനകത്തെ കുളിമുറിയിലെ ബക്കറ്റിലെ വെള്ളത്തില്‍ കണ്ടെത്തിയത്. കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ഇറങ്ങിയപ്പോള്‍ അതുവഴി വന്ന കാട്ടൂര്‍ സി.ഐ. മഹേഷ് കുമാറും സംഘവും പോലീസ് ജീപ്പില്‍ തേക്കുംമൂലയിലുള്ള യൂണിറ്റി ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍, ആശുപത്രിയിലെത്തുംമുമ്പെ കുഞ്ഞ് മരിച്ചിരുന്നു. ആന്റണി, പോള്‍ എന്നിവരാണ് മറ്റു മക്കള്‍.