കാസര്‍കോട്: കൊറോണ ലക്ഷണങ്ങളോടെ കാസര്‍കോട് ജില്ലയില്‍ രണ്ടുപേര്‍കൂടി ആശുപത്രിയില്‍. ഇവരുടെ സാംപിളുകളുടെ ഫലം വന്നിട്ടില്ലെന്ന് ജില്ലാകലക്ടര്‍ ഡോ.ഡി.സജിത്ബാബു അറിയിച്ചു. നിലവില്‍ രോഗം സ്ഥിരീകരിച്ച വിദ്യാര്‍ഥിയുടെ സുഹൃത്തും ചൈനയില്‍നിന്നെത്തിയ ഒരാളുമാണ് ആശുപത്രിയിലുള്ളത്. 12 പേരുടെ ഫലം കിട്ടാനുണ്ടെന്നും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കലക്ടര്‍ പറഞ്ഞു.
ഇതിനിടെ, കൊറോണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ വയനാട് അതിര്‍ത്തിയില്‍ കര്‍ണാടക ആരോഗ്യവകുപ്പിന്റെ കര്‍ശന പരിശോധന ശക്തമാക്കി. ഡോക്ടര്‍മാരും നഴ്സുമാരുമടങ്ങിയ സംഘമാണ് വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി യാത്രക്കാരെ പരിശോധിക്കുന്നത്. തമിഴ്നാട്-കര്‍ണാടക അതിര്‍ത്തിയിലും പരിശോധനയുണ്ട്. രോഗലക്ഷണങ്ങള്‍ ഉള്ളവരെ ഗുണ്ടല്‍പേട്ട് താലൂക്ക് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റും. ഇതുവരെ പരിശോധിച്ചവരില്‍ ആര്‍ക്കും ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല.