വിവാഹനിശ്ചയം കഴിഞ്ഞ് മടങ്ങിയ സൈനികൻ ലഡാക്കിൽ മരിച്ചു
മലപ്പുറം: ഒരാഴ്ച മുമ്പ് വിവാഹനിശ്ചയം കഴിഞ്ഞ് നാട്ടിൽനിന്ന് മടങ്ങിയ സൈനികൻ കാശ്മീരിലെ ലഡാക്കിൽ മരിച്ചു. ആർമി പോസ്റ്റൽ സർവീസിലെ ശിപായി കീഴുപറമ്പ് കുനിയിൽ കോലോത്തുംതൊടി നുഫൈൽ (27)ആണ് മരിച്ചത്. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മരിച്ചതായാണ് ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. മൃതദേഹം നാട്ടിലെത്തിക്കും.എട്ട് വർഷമായി സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്ന നുഫൈൽ രണ്ട് വർഷമായി കാശ്മീരിലാണ്. ഡിസംബർ അവസാനം നാട്ടിലെത്തിയിരുന്നു. ജനുവരി രണ്ടിന് മുക്കം കുളങ്ങര സ്വദേശിനിയുമായി വിവാഹനിശ്ചയം കഴിഞ്ഞ് 22നാണ് മടങ്ങിയത്. കോയമ്പത്തൂരിലേയ്ക്ക് സ്ഥലം മാറ്റം പ്രതീക്ഷിച്ചിരിക്കെയാണ് വിയോഗം. വ്യാഴം രാവിലെ 10.30ന് പ്രതിശ്രുത വധുവിനെ വിളിച്ചിരുന്നു. രാത്രി ഒമ്പതരയോടെയാണ് മരിച്ചതായി വിവരം ലഭിച്ചത്.നുഫൈലിന്റെ പിതാവ് മുഹമ്മദ് കുഞ്ഞാൻ നേരത്തേ മരിച്ചു. ഉമ്മ ആമിനയും നുഫൈലിന്റെ സഹോദരിയുമാണ് കുനിയിലെ വീട്ടിലുള്ളത്. അസം, മേഘാലയ എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചിരുന്നു.