താലികെട്ടാൻ വിസമ്മതിച്ച് വധു; പിന്നാലെ ക്ഷേത്രത്തിൽ അരങ്ങേറിയത് നാടകീയ രംഗങ്ങൾ
പറവൂർ: വിവാഹ ചടങ്ങിനിടെ വധു താലികെട്ടാൻ വിസമ്മതിച്ചതിനെത്തുടർന്ന് പറയകാട് ക്ഷേത്രത്തിൽ അരങ്ങേറിയത് നാടകീയ രംഗങ്ങൾ. ആദ്യം പെണ്ണുകാണാൻ വന്ന യുവാവുമായുള്ള അടുപ്പത്തെത്തുടർന്നായിരുന്നു വിസമ്മതം. രാവിലെ ബ്യൂട്ടിപാലർറിൽ നിന്നും ക്ഷേത്രത്തിലേക്ക് വധു എത്തി. ക്ഷേത്രം ശാന്തിയുടെ കാർമ്മികത്വത്തിൽ വിവാഹ ചടങ്ങുകൾ തുടങ്ങിയ ശേഷമായിരുന്നു മനംമാറ്റം.തർക്കത്തെ തുടർന്ന് പറവൂർ പൊലീസ് ക്ഷേത്രത്തിലെത്തി രണ്ടുകൂട്ടരെയും സ്റ്രേഷനിലേക്ക് വിളിപ്പിച്ചാണ് ഒത്തുതീർപ്പുണ്ടാക്കിയത്. ചർച്ചകൾക്കൊടുവിൽ കാമുകീ കാമുകന്മാർ പിറ്റേന്ന് തന്നെ രജിസ്റ്റർ വിവാഹം ചെയ്തു. വരന് നഷ്ടപരിഹാരം നൽകാനും ധാരണയായി.മാസങ്ങൾക്ക് മുമ്പ് നായരമ്പലം സ്വദേശി യുവാവ് പെണ്ണുകാണാനെത്തിയിരുന്നു. ഇടയ്ക്കുവച്ച് വധുവിന്റെ വീട്ടുകാർ പിൻമാറിയെങ്കിലും ഇരുവരും അടുപ്പത്തിലായി. ഇതിനിടെയാണ് വിദേശത്ത് ജോലി ചെയ്യുന്ന മാള അന്നമ്മനട സ്വദേശിയായ യുവാവിന്റെ ആലോചന വന്നതും ഉറപ്പിച്ചതും.തനിക്ക് ഈ വിവാഹം വേണ്ടെന്ന് ഉറപ്പിച്ചു പറഞ്ഞിട്ടും വീട്ടുകാർ ഗൗനിച്ചില്ലെന്ന് വധു പൊലീസിനോട് പറയുകയായിരുന്നു. നായരമ്പലം സ്വദേശിയായ യുവാവിനെയും പിതാവിനെയും സ്റ്രേഷനിലേക്ക് വിളിച്ചു വരുത്തിയപ്പോൾ വിവാഹത്തിന് തയ്യാറാണെന്ന് ഇവർ സമ്മതിച്ചു. ഇതു പ്രകാരം ഇന്നലെ പറവൂർ രജിസ്റ്റർ ഓഫീസിൽ വിവാഹവും നടന്നു.