പോൺസൈറ്റ് സന്ദർശിച്ചത് പൊലീസ് കണ്ടെത്തിയതായി പ്രവാസിയ്ക്ക് സന്ദേശം; ദുബായിൽ തട്ടിപ്പുസംഘം കരസ്ഥമാക്കിയത് വൻതുക
ദുബായ്: അശ്ശീല വെബ്സൈറ്റ് സന്ദർശിച്ചത് പൊലീസ് കണ്ടെത്തിയതായി സന്ദേശം അയച്ച് യുഎഇയിൽ തട്ടിപ്പ്. ദുബായിൽ നടന്ന സംഭവത്തിൽ പ്രവാസിയ്ക്ക് വലിയൊരു തുക നഷ്ടമായതായാണ് വിവരം. വെബ്സൈറ്റ് സന്ദർശിച്ചത് പൊലീസ് കണ്ടെത്തിയതായും നിയമനടപടികളിൽ നിന്ന് രക്ഷനേടാനായി ഓൺലൈൻ മുഖാന്തരം പണം അടയ്ക്കണമെന്നും സന്ദേശം അയച്ചായിരുന്നു തട്ടിപ്പ്.
ദുബായ് അല്‍ ബര്‍ഷ പൊലീസ് സ്റ്റേഷനിലെ ലഫ്. കേണല്‍ മുഹമ്മദ് ഹസന്റേതെന്ന പേരിലായിരുന്നു പ്രവാസിയ്ക്ക് തട്ടിപ്പ്സംഘത്തിൽ നിന്നു സന്ദേശം ലഭിച്ചത്. അശ്ശീല വെബ്സൈറ്റുകൾ സന്ദർശിച്ചുവെന്നും വേശ്യാവൃത്തിയെക്കുറിച്ച് അടക്കം തിരഞ്ഞതും പൊലീസ് കണ്ടെത്തിയതായി സന്ദേശത്തിൽ പറയുന്നു.
ലൊക്കേഷൻ അടക്കം പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്താൽ കുടുംബമടക്കം അനന്തരഫലങ്ങൾ അനുഭവിക്കേണ്ടി വരും. നടപടി ഒഴിവാക്കാനായി നിശ്ചിതസമയത്തിനുള്ളിൽ താഴെ കാണുന്ന ലിങ്കിൽ കയറി പിഴ അടയ്ക്കണമെന്നും സന്ദേശത്തിൽ നിർദേശിച്ചിരുന്നു. ഇത് പ്രകാരം 12,500 ദിർഹം അയച്ചു കൊടുത്ത പ്രവാസിയെക്കുറിച്ചുള്ള വാർത്ത മാദ്ധ്യമപ്രവർത്തകനായ ആര്.ജെ ഫസ്ലുവാണ് സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവെച്ചത്.