തലസ്ഥാനത്ത് ഗുണ്ടാസംഘങ്ങള്‍ വീണ്ടും സജീവം; ലക്ഷ്യം ഔട്ടര്‍ റിങ് റോഡിലെ ബിസിനസ്
തിരുവനന്തപുരം∙ കുപ്രസിദ്ധ ഗുണ്ട ഓം പ്രകാശിന്റേത് ഉള്‍പ്പടെയുള്ള ഗുണ്ടാ സംഘങ്ങള്‍ തിരുവനന്തപുരം നഗരത്തിൽ വീണ്ടും സജീവമായത് റിയല്‍ എസ്റ്റേറ്റ് കച്ചവടം പിടിക്കാനെന്ന് വിവരം. തിരുവനന്തപുരം ‘ഔട്ടര്‍ റിങ് റോഡ്’ പദ്ധതിയുടെ മറവിലെ റിയല്‍ എസ്റ്റേറ്റ് കച്ചവടമായിരുന്നു ലക്ഷ്യമെന്ന് ഓം പ്രകാശിന്റെ കൂട്ടാളികള്‍ പൊലീസിനു മൊഴി നല്കി.
വിഴിഞ്ഞം തുറമുഖത്തിന്റെ തുടര്‍ച്ചയായി ജില്ലയിലെ റോഡ് ഗതാഗതം ഉള്‍പ്പെടെ വികസിപ്പിക്കാനുള്ള പദ്ധതിയാണ് ‘ഔട്ടര്‍ റിങ് റോഡ്’. ഇതിന്റെ മറവിലെ കച്ചവടവും കുടിപ്പകയുമാണ് നിര്‍ജീവമായിരുന്ന ഗുണ്ടാസംഘങ്ങള്‍ വീണ്ടും തലപൊക്കാന്‍ കാരണം. പദ്ധതി കടന്നുപോകുന്ന മംഗലപുരം, പോത്തന്‍കോട് ഭാഗങ്ങളിലെ റിയല്‍ എസ്റ്റേറ്റ് കച്ചവടം ഓം പ്രകാശ് ലക്ഷ്യമിട്ടിരുന്നു
ബെനാമി പേരില്‍ ഭൂമി വാങ്ങിക്കൂട്ടി മറിച്ചുവിറ്റും ഭൂമി വാങ്ങാനും വില്ക്കാനുമെത്തുന്നവരെ ഭീഷണിപ്പെടുത്തി ഇടനിലക്കാരായും കോടികള്‍ സമ്പാദിക്കുകയായിരുന്നു ലക്ഷ്യം. എതിരാളിയായ മുട്ടട നിധിനും രംഗത്തിറങ്ങിയതോടെ ഇരുവിഭാഗങ്ങളും തമ്മിൽ തര്‍ക്കമായി. പലതവണ ഒത്തുതീര്‍പ്പ് ചര്‍ച്ച നടന്നെങ്കിലും ഫലം കണ്ടില്ല. ഒടുവില്‍ താനാണ് വലിയവനെന്ന് തെളിയിക്കാനാണ് നിധിനെയും സംഘത്തെയും ഓം പ്രകാശിന്റെ സംഘം പാറ്റൂരില്‍ വച്ച് ആക്രമിച്ചത്.
ഡിജെ പാര്‍ട്ടി നടത്തി ഓം പ്രകാശ് യുവാക്കളെ ഗുണ്ടാസംഘത്തിലേക്ക് ആകര്‍ഷിച്ചിരുന്നെന്നും ഓം പ്രകാശിന്റെ കൂട്ടാളികളുടെ മൊഴിയിൽ പറയുന്നു. ഇതിന്റെ തെളിവുകളും പൊലീസിന് ലഭിച്ചു. രണ്ടു വര്‍ഷത്തിനിടെ ഇരുപതോളം ഡിജെ പാര്‍ട്ടികളാണ് ഓംപ്രകാശ് സംഘടിപ്പിച്ചത്. അതിന്റെ മറവില്‍ ലഹരിമരുന്ന് കച്ചവടവും നടത്തി. സ്ഥിരമായി ലഹരി കഴിച്ച് അടിമകളാകുന്നവരെ പിന്നീട് കൂടെ നിര്‍ത്തി. പാറ്റൂർ ആക്രമണക്കേസിൽ അറസ്റ്റിലായ അഭിലാഷ്, രജ്ഞിത്, സുബ്ബരാജ് എന്നിവര്‍ ഇങ്ങനെയെത്തിയവരാണ്.