കൈപ്പട്ടൂരിൽ മിക്സർ ലോറിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം; രണ്ടുപേർക്ക് പരിക്ക്
പത്തനംതിട്ട: കൈപ്പട്ടൂരിൽ സ്വകാര്യ ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം. പത്തനംതിട്ടയിൽ നിന്ന് അടൂരേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിൽ കോൺക്രീറ്റ് മിക്സറുമായി വന്ന ടിപ്പർ ലോറി നിയന്ത്രണംവിട്ട് മറിഞ്ഞശേഷം വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്വകാര്യ ബസും മറിഞ്ഞു. ബസിലെയും ലോറിയിലെയും യാത്രക്കാർക്ക് പരിക്കേറ്റതായാണ് സ്ഥലത്തെ ജനപ്രതിനിധികൾ അറിയിക്കുന്നത്. ഇതിൽ മിക്സിംഗ് ലോറിയിലെ ഒരാൾക്കും സ്വകാര്യ ബസിലെ ഒരു യാത്രക്കാരിക്കും സാരമായ പരിക്കേറ്റതായാണ് വിവരം.
അമിതവേഗത്തിലായിരുന്ന ലോറി കൈപ്പട്ടൂർ ഗവൺമെന്റ് വി.എച്ച്.എസ്.എസിന്റെ മുന്നിൽ വച്ചാണ് മറിഞ്ഞത്. രാവിലെ 10.15ഓടെയാണ് അപകടമുണ്ടായത്. നാട്ടുകാരും അഗ്നിരക്ഷാ സേനയും സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുകയാണ്. അപകടത്തെ തുടർന്ന് പത്തനംതിട്ടയ്ക്കുളള റോഡിൽ ഗതാഗത തടസമുണ്ടായി. വാഹനങ്ങൾ നീക്കാനുളള ശ്രമം തുടരുകയാണ്