പൊലീസിനെതിരെ ആത്മഹത്യാ കുറിപ്പെഴുതി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു; കൊല്ലത്ത് വിദ്യാർത്ഥി വിഷക്കായ കഴിച്ചു
കൊല്ലം: പൊലീസിനെതിരെ ആത്മഹത്യാ കുറിപ്പെഴുതി സോഷ്യൽ മീഡിയയൽ പോസ്റ്റ് ചെയ്ത ശേഷം പതിനാറുകാരൻ ജീവനൊടുക്കാൻ ശ്രമിച്ചു. ക്ളാപ്പന സ്വദേശിയായ പ്ലസ് വൺ വിദ്യാർത്ഥിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കൗമാരക്കാരനിപ്പോൾ ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
ഓച്ചിറ പൊലീസിനെതിരെയാണ് വിദ്യാർത്ഥിയുടെ ആരോപണം. അടിപിടിക്കേസ് പൊലീസ് ഒത്തുതീർപ്പാക്കാൻ ശ്രമിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് ആരോപണം. വിദ്യാർത്ഥി ഇൻസ്റ്റഗ്രാമിലാണ് ആത്മഹത്യാ കുറിപ്പ് പങ്കുവച്ചത്. ശേഷം വിഷക്കായ കഴിച്ച് ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു.
താനടക്കമുള്ള നാല് വിദ്യാർത്ഥികളെ ഒരു സംഘം വിദ്യാർത്ഥികൾ ആക്രമിച്ചെന്ന് കാണിച്ച് കഴിഞ്ഞ തിങ്കളാഴ്ച പൊലീസിൽ പരാതി നൽകിയിരുന്നു. ഇത് ഭീഷണിപ്പെടുത്തി ഒത്തുതീർപ്പാക്കാൻ ശ്രമിച്ചെന്നാണ് ആരോപണം. എന്നാൽ ആരോപണങ്ങൾ പച്ചക്കള്ളമാണെന്ന് ഓച്ചിറ പൊലീസ് പ്രതികരിച്ചു. വിദ്യാർത്ഥികൾ തമ്മിലടിക്കുകയായിരുന്നു. രണ്ട് കൂട്ടരും പരാതി നൽകിയിരുന്നെന്നും പൊലീസ് അറിയിച്ചു.