ലഹരിയോട് ‘നോ’ പറഞ്ഞ് വിദ്യാര്‍ഥികള്‍ ; ശ്രദ്ധേയമായി ഫ്ളാഷ് മോബ്
കാഞ്ഞങ്ങാട് : ലഹരി വസ്തുക്കളുടെ ഉപയോഗമെന്ന മഹാ വിപത്തിനെതിരെ ഫ്ളാഷ് മോബുമായി നൂറ് കണക്കിന് വിദ്യാര്‍ഥികളാണ് അണിനിരന്നത്. എക്സൈസ് വിമുക്തി മിഷന്റെയും വിവിധ വകുപ്പുകളുടെയും ആഭിമുഖ്യത്തില്‍ നടന്ന ലഹരിയില്ലാ തെരുവിന്റെ ഭാഗമായാണ് കാഞ്ഞങ്ങാട് കോട്ടച്ചേരി ബസ് സ്റ്റാന്റ് പരിസരത്ത് ഫ്ളാഷ് മോബ് നടത്തിയത്. സ്കൂള്‍ തലത്തില്‍ ചായോത്ത് ഗവ.ഹയര്‍ സെക്കന്ററി സ്കൂള്‍, ജി.വി.എച്ച്.എസ്.എസ് ഇരിയണ്ണി, ജി.എച്ച്.എസ്.എസ് കക്കാട്ട്, എം.പി.എസ്. ജി.വി.എച്ച്.എസ്.എസ് വെള്ളിക്കോത്ത് എന്നീ സ്കൂളിലെ എസ്.പി.സി വിദ്യാര്‍ഥികള്‍ ഫ്ളാഷ് മോബ് അവതരിപ്പിച്ചു. എം.പി.എസ്. ജി.വി.എച്ച്.എസ്.എസ് വെള്ളിക്കോത്ത് ഒന്നാം സ്ഥാനവും ജി.എച്ച്.എസ്.എസ് കക്കാട്ട് രണ്ടാം സ്ഥാനവും നേടി. കോളേജ് തലത്തില്‍ നടത്തിയ ഫ്ളാഷ് മോബ് മത്സരത്തില്‍ നെഹ്റു ആര്‍ട് ആന്റ് സയന്‍സ് കോളേജ്, സനാതന ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ്, ഗവണ്മെന്റ് കോളേജ് ഉദുമ, ഗവണ്മെന്റ് കോളേജ് കാസര്‍കോട്, ഡോ.അംബേദ്കര്‍ കോളേജ് എന്നീ കോളേജുകളിലെ വിദ്യാര്‍ഥികള്‍ പങ്കെടുത്തു. സനാതന ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് ഒന്നാം സ്ഥാനവും നെഹ്റു ആര്‍ട് ആന്റ് സയന്‍സ് കോളേജ് രണ്ടാം സ്ഥാനവും നേടി. തുടര്‍ന്ന് ലൈവ് ക്വിസ് മത്സരവും ലഹരിയില്ലാ തെരുവ് ചുമര് ചിത്രവും നടത്തി.
എന്‍ എസ് എസ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ പടന്നക്കാട് നെഹ്റു ആര്‍ട്സ് ആന്റ് സയന്‍സ് കോളേജിലെ അസി.പ്രൊഫസര്‍ വിജയകുമാറിന്റെ നേതൃത്വത്തില്‍ വിവിധ കോളേജുകളിലെ എന്‍ എസ് എസ് വിദ്യാര്‍ത്ഥികളാണ് കലാപരിപാടികളിലും ഫ്ളാഷ് മോബിലും അരങ്ങിലെത്തിയത്. വിവിധ കോളേജുകളിലെ എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍മാര്‍, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, ജൂനിയര്‍ റെഡ്ക്രോസ് എന്നിവരും പങ്കാളികളായി.