പാമ്പിനൊപ്പം സെൽഫി; യുവാവിന് ജീവൻ നഷ്ടമായി, അപകടത്തിന് കാരണം പാമ്പാട്ടിയെ വിശ്വസിച്ചത്
ഹൈദരാബാദ്: പാമ്പിനൊപ്പം സെൽഫിയെടുത്ത യുവാവിന് ദാരുണാന്ത്യം. ആന്ധ്രാപ്രദേശിലെ നെല്ലൂരിലായിരുന്നു ദാരുണ സംഭവം അരങ്ങേറിയത്. മുപ്പത്തിരണ്ടുകാരനായ പോളംറെഡ്ഢി മണികണ്ഠ റെഡ്ഢിയാണ് പാമ്പുകടിയേറ്റ് മരിച്ചത്.നെല്ലൂരിലെ കോവൂർ ജംഗ്ഷനു സമീപം ജ്യൂസ് കട നടത്തിവരികയായിരുന്നു മണികണ്ഠ. കഴിഞ്ഞദിവസം വൈകുന്നേരം പാമ്പുകളുമായി ഒരു പാമ്പാട്ടി മണികണ്ഠയുടെ കടയിലെത്തി. തന്റെ പക്കൽ നിരവധി പാമ്പുകൾ ഉണ്ടെന്നും അവ ആരെയും ഉപദ്രവിക്കില്ലെന്നും പാമ്പാട്ടി മണികണ്ഠയോട് പറഞ്ഞു. ഇതോടെ അതിലൊന്നിനൊപ്പം സെൽഫിയെടുക്കാനുള്ള ആഗ്രഹം മണികണ്ഠ പാമ്പാട്ടിയെ അറിയിച്ചു.ഉടൻ പാമ്പാട്ടി ഒരെണ്ണത്തിനെ എടുത്ത് മണികണ്ഠയുടെ കഴുത്തിൽ ചുറ്റിക്കൊടുത്തു.സെൽഫി എടുത്തശേഷം പാമ്പിനെ കഴുത്തിൽനിന്ന് എടുക്കവെ അത് മണികണ്ഠയെ കൊത്തുകയായിരുന്നു. കൈയിലാണ് കടിച്ചത്. കടിയേറ്റകാര്യം പാമ്പാട്ടിയോട് പറഞ്ഞെങ്കിലും അതിന് വിഷമില്ലെന്നും പേടിക്കേണ്ടെന്നുമായിരുന്നു അയാൾ പറഞ്ഞത്. അല്പം കഴിഞ്ഞതോടെ അവശത തോന്നിയ മണികണ്ഠയെ നാട്ടുകാർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ കഴിഞ്ഞദിവസം പുലർച്ചെയോടെ മരണം സംഭവിച്ചു.പാമ്പാട്ടിയെ പിടികൂടിയോ എന്ന് വ്യക്തമല്ല. നിയമപ്രകാരമല്ലാതെ പാമ്പിനെ പിടികൂടുകയും പ്രദർശിപ്പിക്കുകയും ചെയ്യുന്ന ആളാണ് പാമ്പാട്ടി എന്നാണ് പൊലീസ് കരുതുന്നത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.