കണ്ണൂര്‍ കോട്ടയിലെ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ മുടങ്ങിയിട്ട് അഞ്ചുവര്‍ഷം; ഉപകരണങ്ങള്‍ നശിച്ചു
സെയ്ന്റ് എയ്ഞ്ചലോ കോട്ടയുടെ 500 വര്‍ഷത്തിന്റെ ചരിത്രം പുനരാവിഷ്കരിക്കുന്നതാണ് 2016ല്‍ ആരംഭിച്ച ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ. എന്നാല്‍, വളരെ ചുരുങ്ങിയ കാലയളവില്‍ മാത്രം പ്രദര്‍ശനം നടത്തിയ ഈ ഷോ മുടങ്ങിയിട്ട് അഞ്ചുവര്‍ഷം കഴിഞ്ഞു.
ലേസര്‍ സംവിധാനം ഉപയോഗിച്ചു നടത്തുന്ന 53 മിനിട്ട് ദൈര്‍ഘ്യമുള്ള ഷോ 2016ലാണ് ഉദ്ഘാടനം ചെയ്തത്. എന്നാല്‍, പദ്ധതി പൂര്‍ത്തിയാക്കി ജനങ്ങള്‍ക്ക് പ്രദര്‍ശനം അനുവദിച്ചത് 2018ലുമായിരുന്നു. ഷോ നടത്തിപ്പിന്റെ ചുമതല ഡി.ടി.പി.സി.ക്കാണ്. ആദ്യ പ്രദര്‍ശനം തന്നെ മുടങ്ങിയ ഷോ വെറും രണ്ടുമാസം പ്രവര്‍ത്തിച്ചശേഷം മഴയെത്തുടര്‍ന്ന് വീണ്ടും നിര്‍ത്തിവെച്ചു.
100 രൂപ ടിക്കറ്റിലാണ് പ്രദര്‍ശന ദിവസങ്ങളില്‍ കോട്ടയിലേക്ക് പ്രവേശനം അനുവദിച്ചിരുന്നത്. എന്നാല്‍, പ്രദര്‍ശനം കൃത്യമായി നടക്കാത്തതിനാല്‍ ഡി.ടി.പി.സി.ക്ക് കാര്യമായ വരുമാനം ലഭിച്ചില്ല. 3.8 കോടി രൂപ ചെലവഴിച്ച് ആരംഭിച്ച ഷോയ്ക്കുവേണ്ടി സ്ഥാപിച്ച 150 കസേരകള്‍ ഇപ്പോള്‍ തുരുമ്പെടുത്ത് നശിച്ചനിലയിലാണ്. ലൈറ്റുകളും പ്രവര്‍ത്തനരഹിതമാണ്.
കണ്ണൂര്‍ കോട്ടയിലെ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയ്ക്കുവേണ്ട നിര്‍മ്മിച്ച ഇരിപ്പിടങ്ങള്‍ നശിച്ച നിലയില്‍
2022ല്‍ ഷോ പുനരാരംഭിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും ഡി.ടി.പി.സി.യും തമ്മിലുള്ള കരാര്‍ 2022 ഏപ്രിലില്‍ അവസാനിച്ചു. കഴിഞ്ഞദിവസം കോട്ട സന്ദര്‍ശിച്ച കേന്ദ്രമന്ത്രി മീനാക്ഷി ലേഖി കോട്ടയുടെ പൈതൃകം കാത്തുസൂക്ഷിക്കണമെന്നും കസേരകള്‍ മാറ്റി പരിപാടി ആരംഭിക്കണമെന്നും കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ലൈസന്‍സ് പുതുക്കി ലഭിച്ച് മെയിന്റനന്‍സ് പൂര്‍ത്തിയാക്കി ഈ വര്‍ഷമെങ്കിലും പ്രദര്‍ശനം തുടങ്ങാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഡി.ടി.പി.സി. അധികൃതര്‍.
ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ പദ്ധതിയുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേട് നടന്നതായി ആരോപിച്ച വിജിലന്‍സ് കേസ് ഇന്നും തീര്‍പ്പായിട്ടില്ല. വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയാക്കിയെങ്കിലും വിധി വരാത്തതിനാല്‍ നിലവിലുള്ള അവസ്ഥയില്‍തന്നെ പദ്ധതി പുനരാരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് ഡി.ടി.പി.സി.