ട്രംപിന്റെ ഫേയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കുന്നു
വാഷിങ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന് ഫേസ്ബുക്ക് ഏര്‍പ്പെടുത്തിയ വിലക്കു നീക്കുന്നു. ക്യാപിറ്റോള്‍ കലാപത്തെ തുടര്‍ന്നാണ് രണ്ടു വര്‍ഷത്തേക്ക് ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ട്രംപിനെ വിലക്കിയിരുന്നത്. ട്രംപിന്റെ വിലക്കു നീക്കിയതായി ബുധനാഴ്ച മെറ്റ അറിയിച്ചു. ട്രംപിന്റെ അക്കൗണ്ടുകള്‍ ഉടന്‍ പുനഃസ്ഥാപിക്കുമെന്ന് മെറ്റ ഗ്ലോബല്‍ പ്രസിഡന്റ് നിക് ക്ലെഗ് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു.
എന്നാല്‍, മൂന്നാം തവണയും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങുന്ന ട്രംപ് ഫേസ്ബുക്കിലേക്കും ഇന്‍സ്റ്റഗ്രാമിലേക്കും മടങ്ങിവരുന്നതായി ഇതുവരെ സൂചനകള്‍ ഒന്നും നല്‍കിയിട്ടില്ല. വിലക്കേര്‍പ്പെടുത്തുമ്പോള്‍ ഫേസ്ബുക്കില്‍ 34 മില്യണും ഇന്‍സ്റ്റഗ്രാമില്‍ 23 മില്യണും ഫോളേവേഴ്സുണ്ടായിരുന്ന ട്രംപ് തന്റെ അഭാവം ഫേസ്ബുക്കിന് നഷ്ടം ഉണ്ടാക്കുമെന്ന് പരിഹസിച്ചിരുന്നു.
2021 ജനുവരി 6-നു നടന്ന ക്യാപിറ്റോള്‍ കലാപത്തെ തുടര്‍ന്നാണ് ട്രംപിനെ മെറ്റ വിലക്കിയത്. ജോ ബൈഡന്റെ വിജയം അംഗീകരിക്കാത്ത ട്രംപ് അനുകൂലികള്‍ കൂട്ടത്തോടെ യു.എസ് ക്യാപിറ്റോള്‍ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിന് ട്രംപിന്റെ പിന്തുണയുണ്ടായിരുന്നു എന്ന ആരോപണത്തെ തുടര്‍ന്നാണ് വിലക്കേര്‍പ്പെടുത്തുന്നത്.