സംസാരം ഉച്ചത്തിലായത് ഇഷ്ടപ്പെട്ടില്ല, പൊലീസുകാരനോട് വനിതാ ഡോക്ടർ ചെയ്തത്
തിരുവല്ല: യാത്രയ്ക്കിടെ ട്രെയിനിൽ ഉച്ചത്തിൽ സംസാരിച്ചതിനെച്ചൊല്ലി സഹയാത്രികനോട് കലഹിച്ച വനിതാ ഡോക്ടർ, പൊലീസുകാരന്റെ മൊബൈൽ ഫോൺ പിടിച്ചുവാങ്ങി പുറത്തേക്കെറിഞ്ഞെന്ന ആരോപണത്തിൽ കസ്റ്റഡിയിലായി. എന്നാൽ, പിടിവലിക്കിടയിൽ ഫോൺ പുറത്തേക്ക് തെറിച്ചുപോയതെന്നാണ് വനിതാ ഡോക്ടറുടെ വാദം. കൊല്ലം റെയിൽവേ സ്റ്റേഷനിൽ എത്തിച്ചെങ്കിലും പൊലീസുകാരന് പരാതി ഇല്ലാത്തതിനാൽ വിട്ടയച്ചു. തിരുവല്ല താലൂക്ക് ആശുപത്രിയിലെ ഡോക്ടറും തിരുവനന്തപുരം വെട്ടുകാട് സ്വദേശിയുമായ വി.എസ്.ബെറ്റിയെയാണ് കസ്റ്റഡിയിൽ എടുത്തിരുന്നത്.ചൊവ്വാഴ്ച വൈകിട്ട് തിരുവനന്തപുരത്തേക്കുള്ള വേണാട് എക്സ് പ്രസിൽ ശാസ്താംകോട്ടയ്ക്കും കൊല്ലത്തിനും ഇടയിലായിരുന്നു സംഭവം. കമ്പാർട്ടുമെന്റിൽ ഉണ്ടായിരുന്ന ഒരു യാത്രക്കാരൻ ഉച്ചത്തിൽ ഫോണിൽ സംസാരിച്ചത് ബെറ്റി ചോദ്യംചെയ്തു. മറ്റ് യാത്രക്കാരും പ്രശ്നത്തിൽ ഇടപെട്ടതോടെ ട്രെയിനിൽ ഉണ്ടായിരുന്ന രണ്ട് പൊലീസുകാരെത്തി.ഇവർ ബെറ്റിയെ മറ്റൊരു കമ്പാർട്ടുമെന്റിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചു. ഇതിനിടെ ഒരു പൊലീസുകാരൻ തന്റെ വീഡിയോ പകർത്തിയത് ഡോക്ടർ ചോദ്യം ചെയ്തു. ഫോൺ പിടിച്ചുവാങ്ങാനും ശ്രമിച്ചു. പിടിവലിക്കിടെയാണ് ഫോൺ നഷ്ടപ്പെട്ടത്. ഡോക്ടർ ഫോൺ പിടിച്ചുവാങ്ങി പുറത്തേക്ക് കളഞ്ഞെന്ന് ആരോപിച്ചാണ് കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിൽ വച്ച് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായ ഡോക്ടറെ ജനറൽ ആശുപത്രിയിലെത്തിച്ച ശേഷം ഭർത്താവിനും സഹോദരനുമൊപ്പം വിട്ടയച്ചു. പൊലീസുകാരന്റെ ഫോൺ ഇതുവരെ തിരികെ കിട്ടിയിട്ടില്ല.വനിതാ ഡോക്ടർ പറയുന്നത്ആശുപത്രിയിൽ ഡബിൾ ഡ്യൂട്ടി കഴിഞ്ഞ് കലശലായ തലവേദനയോടെ ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു. മറ്റൊരു യാത്രക്കാരൻ സമീപത്തിരുന്ന് ഉച്ചത്തിൽ സംസാരിച്ചപ്പോൾ പതുക്കെ സംസാരിക്കാൻ ആവശ്യപ്പെട്ടു. ഇത് ഇഷ്ടപ്പെടാതിരുന്ന അയാൾ കേസുകൊടുക്കാൻ പറഞ്ഞു. ഇക്കാര്യം ട്രെയിനിൽ ഉണ്ടായിരുന്ന പൊലീസിനെ അറിയിച്ചു. പരാതിപ്പെട്ടത് ഇഷ്ടപ്പെടാതിരുന്ന പൊലീസുകാർ അതിന് വകുപ്പില്ലെന്ന് പറഞ്ഞ് തന്റെ വീഡിയോ ചിത്രീകരിച്ചപ്പോൾ ഫോൺ പിടിച്ചുവാങ്ങാൻ ശ്രമിച്ചു. ഇതിനിടെ തന്റെ ഫോണും തട്ടിയെടുക്കാൻ ശ്രമിച്ചു. പിടിവലിക്കിടെ പൊലീസുകാരന്റെ ഫോൺ പുറത്തേക്ക് തെറിച്ചു പോകുകയായിരുന്നു.