മദ്രസയിൽ നിന്ന് പുറത്താക്കിയതിന് വീട്ടമ്മയെ അപമാനിക്കാൻ ശ്രമം, പിടിയിലായത് ഇരുപത്തേഴുകാരി
പൂവാർ: മദ്രസയിൽ നിന്ന് പുറത്താക്കിയതിന് സുഹൃത്തിനെ കൂട്ടുപിടിച്ച് വീട്ടമ്മയെ അപമാനിക്കാൻ ശ്രമിച്ച കേസിലെ രണ്ടാംപ്രതി അറസ്റ്റിൽ. പൂവാർ തെക്കേത്തെരുവ് ലബ്ബാ ഹൗസിൻ ഫാത്തിമയെ (27) ആണ് പൂവാർ പൊലീസ് അറസ്റ്റ് ചെയ്തത്. ഫാത്തിമയുടെ ശബ്ദത്തിലുള്ള ഫോൺകാൾ റെക്കാഡ് ചെയ്ത് വീട്ടമ്മയുടേതാണെന്ന് തെറ്റിദ്ധരിപ്പിച്ച് പ്രചരിപ്പിക്കുകയായിരുന്നു പ്രതികൾ. ഒന്നാം പ്രതിയും പൂവാർ ജമാഅത്തിലെ മുൻ മദ്രസ അദ്ധ്യാപകനുമായ മുഹമ്മദ് ഷാഫി (27) നേരത്തെ പിടിയിലായിരുന്നു. ഫാത്തിമയുടെ കാൾഹിസ്റ്ററി എഡിറ്റ് ചെയ്ത് വീട്ടമ്മയുടെ നമ്പരും പേരും ചേർത്ത ശേഷം സ്ക്രീൻ ഷോട്ടും ഓഡിയോയും പ്രചരിപ്പിക്കുകയായിരുന്നു.സംഭവം ഇങ്ങനെ: മദ്രസയിൽ പഠിക്കുന്ന വിദ്യാർത്ഥി ക്ലാസിൽ വരാത്തതിനെപ്പറ്റി തിരക്കാൻ അമ്മയെ ഫോണിൽവിളിച്ച അദ്ധ്യാപകൻ നമ്പർ സേവ് ചെയ്ത് ഇവരെ നിരന്തരം ശല്യപ്പെടുത്തി. ഇത് രൂക്ഷമായതോടെ വീട്ടമ്മ പരാതിയുമായി ജമാഅത്തിന് മുന്നിലെത്തി. തുടർന്ന് അദ്ധ്യാപകനെ പുറത്താക്കി. ഇതിന്റെ വൈരാഗ്യം തീർക്കാനായിരുന്നു എഡിറ്റ് ചെയ്ത് സ്ക്രീൻ ഷോട്ടും കാൾ റെക്കാഡിംഗും ജമാഅത്ത് ഗ്രൂപ്പിലും സമൂഹമാദ്ധ്യമങ്ങളിലും പ്രചരിപ്പിച്ചത്. തുടർന്ന് ജമാഅത്തിലെ വിശ്വാസികൾ രണ്ട് ചേരിയിലാവുകയും പ്രശ്നം സംഘർഷത്തിന്റെ വക്കോളമെത്തുകയുമായിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്. എസ്.എച്ച്.ഒ എസ്.ബി പ്രവീണിന്റെ നേതൃത്വത്തിൽ എസ്.ഐ തിങ്കൾ ഗോപകുമാർ, എ.എസ്.ഐ ഷാജികുമാർ, എസ്.സി.പി.ഒമാരായ പ്രഭാകരൻ, മിനി, സി.പി.ഒ രാജി എന്നിവർ ചേർന്നാണ് ഫാത്തിമയെ അറസ്റ്റ് ചെയ്തത്. പിന്നീട് പ്രതിയെ ജാമ്യത്തിൽ വിട്ടു.