പി ടി 7ന്റെ ശരീരത്തിൽ നിന്ന് വനംവകുപ്പ് കണ്ടെത്തിയത് 15 പെല്ലറ്റുകൾ; വെടിയുതിർത്തത് നാടൻ തോക്കിൽ നിന്ന്
പാലക്കാട്: കൊമ്പൻ ധോണി (പി ടി 7)യുടെ ശരീരത്തിൽ നിന്ന് കണ്ടെത്തിയത് പതിനഞ്ച് പെല്ലറ്റുകൾ. വനംവകുപ്പ് ആനയെ പരിശോധിച്ചപ്പോഴാണ് വെടിയുണ്ടകൾ കണ്ടെത്തിയത്. നാടൻ തോക്കിൽ നിന്നാണ് വെടിയുതിർത്തത്.ആരാണ് ആനയെ വെടിവച്ചതെന്ന് വ്യക്തമല്ല. ഒരു സ്വകാര്യ ചാനലാണ് വാർത്ത പുറത്തുവിട്ടിരിക്കുന്നത്. പെല്ലറ്റുകൾ ശരീരത്തിൽ തറച്ചിരിക്കുന്നതാകാം ആന ഇത്രയും അക്രമാസക്തമാകാനുള്ള പ്രധാന കാരണമെന്നാണ് സൂചന.വർഷങ്ങളായി പാലക്കാട്ടെ കർഷകരുടെ വിളകൾ നശിപ്പിച്ച, മനുഷ്യ ജീവൻ കവർന്ന കാട്ടാന പി ടി 7നെ ഈ മാസം ഇരുപത്തിരണ്ടിനാണ് വനംവകുപ്പ് കൂട്ടിലടച്ചത്. രണ്ട് തവണ മയക്കുവെടിവച്ചും ഒരു ബൂസ്റ്റർ ഡോസും നൽകിയാണ് പി ടി 7നെന്ന ധോണിയെ തളച്ചത്.ആദ്യം മയക്കുവെടിവച്ച്, മയക്കത്തിലായ പി ടി 7ന്റെ കാലുകളിൽ വടം കെട്ടി. മയക്കം തെളിഞ്ഞതോടെ രണ്ടാമതും മയക്കുവെടിവച്ചു. കണ്ണുകൾ കറുത്ത തുണി കൊണ്ടു മൂടി.പിറകിലെ കാലിലാണ് രണ്ടാമത് വെടിയുതിർത്തത്. തുടർന്ന് കുങ്കിയാനകളുടെ സഹായത്തോടെ ലോറിയിൽ കയറ്റാനുള്ള ആദ്യശ്രമം ഫലംകണ്ടില്ല, രണ്ടാമത് വിജയിച്ചു. തുടർന്ന് ബൂസ്റ്റർ ഡോസും നൽകി. ലോറിയിൽ കയറ്റുകയായിരുന്നു.