റിപ്പബ്ലിക് ദിനാഘോഷത്തിനായി ജില്ല ഒരുങ്ങി , മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ദേശീയ പതാക ഉയർത്തും
കാസർകോട് : 74ാമത് റിപ്പബ്ലിക് ദിനം വിപുലമായി ആഘോഷിക്കാന്‍ ജില്ലയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ രാവിലെ ഒമ്പതിന് തുറമുഖം, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പതാക ഉയര്‍ത്തി സല്യൂട്ട് സ്വീകരിക്കും. രാജ്മോഹന്‍ ഉണ്ണിത്താന് എം.പി, എം.എല്‍.എമാരായ എ.കെ.എം അഷ്റഫ്, എന്‍.എ.നെല്ലിക്കുന്ന്, സി.എച്ച്.കുഞ്ഞമ്പു, ഇ.ചന്ദ്രശേഖരന്, എം.രാജഗോപാലന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്, ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ്, ജില്ലാ പൊലീസ് മേധാവി ഡോ.വൈഭവ് സക്സേന എന്നിവര്‍ പങ്കെടുക്കും. ജില്ലയിലെ ജനപ്രതിനിധികള്‍, സര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപന ജീവനക്കാര്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ റിപ്പബ്ലിക്ക് ദിനാഘോഷത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് അറിയിച്ചു.
ജില്ലയിലെ സ്വാതന്ത്ര്യ സമര സേനാനികളായ കെ.കുഞ്ഞിക്കണ്ണന് നമ്പ്യാര്‍, ഗോപാലൻ നായർ എന്നിവര്‍ മുഖ്യാതിഥികളാവും. റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ മുനിസിപ്പില്‍ സ്റ്റേഡിയത്തില്‍ സുരക്ഷ ശക്തമാക്കി. പരേഡ് വീക്ഷിക്കാനെത്തുന്നവര്‍ രാവിലെ എട്ടിനകം മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ പ്രവേശിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. 8.20ന് ചടങ്ങുകള്‍ ആരംഭിക്കും.
സായുധ സേന, പൊലീസ്, വനിതാ പൊലീസ്, എക്സൈസ്, സ്റ്റുഡന്റ് പൊലീസ് കാഡറ്റ്, റെഡ്ക്രോസ്, എന്‍.എസ്.എസ്, എന്‍.സി.സി, സ്കൗട്ട് ആന്‍ഡ് ഗൈഡ്സ് എന്നിവയുടെ നേതൃത്വത്തില്‍ പരേഡ്അരങ്ങേറും. പരേഡിൽ പങ്കെടുക്കുന്നവര്‍ രാവിലെ ഏഴിനകം സ്റ്റേഡിയത്തില്‍ എത്തണം. പരേഡിനുശേഷം സാംസ്കാരിക പരിപാടികള്‍ അരങ്ങേറും. തെരെഞ്ഞെടുത്ത 11 ടീമുകള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കും. ജവഹര്‍ നവോദയ വിദ്യാലയ പെരിയ, കൊഹിനൂര്‍ പബ്ലിക് സ്കൂള്‍ കുമ്പള, എം.ആര്.എച്ച്.എസ് പരവനടുക്കം, കേന്ദ്രീയ വിദ്യാലയ 2 വിദ്യാനഗര്‍, ലിറ്റില്‍ ലില്ലി ഇംഗ്ലീഷ് മീഡിയം സ്കൂള്‍ കുമ്പള, യോദ്ധ തയ്ക്കോണ്ടോ അക്കാദമി കാസര്‍കോട്, ജനനി നാട്ടറിവ് പഠന കേന്ദ്രം അമ്പലത്തറ, നാട്യമണ്ഡപ മധൂര്‍ എന്നിവയുടെ നേതൃത്വത്തില്‍ ദേശീയോദ്ഗ്രഥന ഗാനങ്ങള്‍, നാടന്‍പാട്ട്, ഗ്രൂപ്പ് ഡാന്‍സ്, യോഗാ പ്രദര്‍ശനം, ഡിസ്പ്ലേ തുടങ്ങിയവ അരങ്ങേറും.