വസ്ത്രധാരണം കൊണ്ട് മുസ്ലീങ്ങളും, മുസ്ലീമായതുകൊണ്ട് ഹിന്ദുക്കളും വീട് വാടകയ്ക്ക് തരുന്നില്ല; കഷ്ടപ്പാടുകൾ തുറന്നുപറഞ്ഞ് ഉർഫി ജാവേദ്
മുംബയ് നഗരത്തിൽ തനിക്ക് വീട് വാടകയ്ക്ക് തരാൻ ആരും തയ്യാറാകുന്നില്ലെന്ന് ബിഗ് ബോസ് താരവും നടിയുമായ ഉർഫി ജാവേദ്. തന്റെ വസ്ത്രധാരണ രീതി ഇഷ്ടപ്പെടാത്തതുകൊണ്ട് മുസ്ലീങ്ങളും, മുസ്ലീമായതിനാൽ ഹിന്ദുക്കളും വീട് തരുന്നില്ലെന്ന് നടി പറയുന്നു. മറ്റ് ചിലർക്ക് രാഷ്ട്രീയ നിലപാടുകളുടെ പ്രശ്നമാണെന്നും ഉർഫി വ്യക്തമാക്കി.
ട്വിറ്ററിലൂടെയാണ് താൻ നേരിടുന്ന കഷ്ടപ്പാടുകൾ നടി തുറന്നുപറഞ്ഞത്. മുംബയിൽ താമസസ്ഥലം കണ്ടെത്താൻ വിഷമമാണെന്ന് പറഞ്ഞ നടിയെ ആശ്വസിപ്പിച്ചുകൊണ്ട് നിരവധി പേർ രംഗത്തെത്തി. മുംബയ് വിട്ട് പോരാൻ തയ്യാറാണെങ്കിൽ താമസസ്ഥലം ശരിയാക്കി തരാമെന്നാണ് ആരാധകർ പറയുന്നത്.വസ്ത്രധാരണത്തിന്റെ പേരിൽ നിരവധി വിമർശനങ്ങളും സൈബർ ആക്രമണവും നേരിടേണ്ടി വന്ന നടിയാണ് ഉർഫി ജാവേദ്. പൊതുസ്ഥലത്ത് നഗ്നതാ പ്രദർശനം നടത്തിയെന്ന് കാണിച്ച് നടിക്കെതിരെ ബി ജെ പി നേതാവ് ചിത്രാ കിഷോർ നേരത്തെ മുംബയ് പൊലീസിൽ പരാതി നൽകിയിരുന്നു.