മഴക്കുഴി കൂടി പണിയാമായിരുന്നു! ചോര്‍ന്നൊലിച്ച് തൃക്കാക്കര നഗരസഭ കെട്ടിടം, നാലരക്കോടി വെള്ളത്തിലായോ?
കഴിഞ്ഞ എല്‍.ഡി.എഫ് ഭരണസമിതി നാലരക്കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച ഓഫീസ് കെട്ടിടമാണ് ചോര്‍ന്നൊലിക്കുന്നത്.
തൃക്കാക്കര നഗരസഭ ഓഫീസ് കെട്ടിടം ചോർന്നൊലിക്കുന്ന ദൃശ്യം
കൊച്ചി: ഒറ്റ മഴ പെയ്തതോടെ വെള്ളക്കെട്ടായി മാറി തൃക്കാക്കര നഗരസഭ ഓഫീസ്. കഴിഞ്ഞ എല്‍.ഡി.എഫ് ഭരണസമിതി നാലരക്കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച ഓഫീസ് കെട്ടിടമാണ് ചോര്‍ന്നൊലിക്കുന്നത്. കഴിഞ്ഞ ദിവസം വൈകിട്ട് പെയ്ത മഴയില്‍ ചോര്‍ന്നൊലിക്കുന്ന തൃക്കാക്കര നഗരസഭ ഓഫീസ് കെട്ടിടത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്.
കെട്ടിടത്തിന്റെ പണി പൂര്‍ത്തിയായി ഒരു മാസം പിന്നിടുന്നതിന്റെ മുന്‍പ് തന്നെ പല ഭാഗങ്ങളിലും വിള്ളലും ചോര്‍ച്ചയും ഉണ്ടായിരുന്നു.
കെട്ടിടം നിര്‍മിച്ച് ആറ് മാസം തികയുന്നതിന് മുന്‍പ് നഗരസഭ റവന്യൂ വിഭാഗത്തിനായി നിര്‍മിച്ച ഭാഗം പൊളിഞ്ഞു വീണു. ഇപ്പോള്‍ മൂന്ന് വര്‍ഷം കഴിഞ്ഞു. നാലരക്കോടി രൂപയ്ക്കുള്ള പണിയൊന്നും ചെയ്തിട്ടില്ല. അന്ന് പ്രതിപക്ഷത്തുണ്ടായിരുന്ന ഞങ്ങള്‍ വലിയ പ്രതിഷേധമൊക്കെ നടത്തിയിരുന്നു. പിന്നാലെ പൊളിഞ്ഞു വീണ കെട്ടിടം ശരിയാക്കി എടുത്തു. ചോര്‍ച്ചയുള്ള ഭാഗങ്ങളിലെല്ലാം അറ്റകുറ്റപ്പണി നടത്തി. തുടര്‍ന്നുള്ള മഴയിലെല്ലാം ചോര്‍ന്നൊലിക്കുന്ന അവസ്ഥയാണുള്ളതെന്നും നഗരസഭാധ്യക്ഷ അജിതാ തങ്കപ്പന് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
കൗണ്‍സില്‍ യോഗം കൂടി ചോര്‍ച്ച പരിഹരിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും നിലവില്‍ പണി ചെയ്ത കോണ്‍ട്രാക്ടര്‍ക്ക് നോട്ടീസ് നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും അജിത തങ്കപ്പന് വ്യക്തമാക്കി.
അതേസമയം, തൃക്കാക്കര നഗരസഭ കെട്ടിടം ചോര്‍ന്നൊലിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നുണ്ട്. നാലരക്കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച കെട്ടിടത്തിന്റെ ഇന്നത്തെ അവസ്ഥക്കെതിരേ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. എല്‍.ഡി.എഫ്. ഭരണസമിതി കെട്ടിടത്തിനുള്ളില്‍ ഒരു മഴക്കുഴി കൂടി നിര്മിച്ചിരുന്നെങ്കില് മഴവെള്ളം ശേഖരിച്ചുവെയ്ക്കാമെന്നായിരുന്നു സാമൂഹികമാധ്യമങ്ങളിലെ പ്രതികരണം.