ഉപയോഗിച്ച ആഡംബര കാറുകള്‍ തുച്ഛവിലയ്ക്ക് കേരളത്തിലേക്ക്; നികുതി വെട്ടിപ്പിനെതിരേ എം.വി.ഡി
”മൂന്നുലക്ഷം രൂപയ്ക്കാണ് ഒരു സുഹൃത്ത് വഴി ഛത്തീസ്ഖഢില്‍നിന്ന് 2013 മോഡല്‍ ബി.എം.ഡബ്ല്യു. കാര്‍ വാങ്ങിയത്. രജിസ്ട്രേഷന് മണിപ്പൂരില്‍ നമ്മുടെ പേരില്‍ത്തന്നെ വ്യാജ വിലാസത്തില്‍ ചെയ്തു. നടപടികള്‍ പൂര്‍ത്തിയാക്കി കാര്‍ മണിപ്പൂര്‍ ആര്.ടി. ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത് സ്വന്തം പേരിലാക്കി’ വാഹന പരിശോധനയ്ക്കിടെ പിടിയിലായ തമ്മനം സ്വദേശി പൗലോസ് ചുളുവിലയില്‍ ആഡംബര കാര്‍ സ്വന്തമാക്കിയ കഥ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയത് ഇങ്ങനെ.
എറണാകുളം ആര്.ടി. ഓഫീസിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ മണിപ്പൂര്‍ രജിസ്ട്രേഷനിലെ ആഡംബര കാര്‍ കണ്ടതോടെ തടഞ്ഞ് പരിശോധിക്കുകയായിരുന്നു. ഇതര സംസ്ഥാന വാഹനങ്ങള്‍ കേരളത്തില്‍ ഓടണമെങ്കില്‍ ടാക്സ് അടച്ച് കേരള രജിസ്ട്രേഷനിലേക്ക് മാറ്റണം.
2013 മോഡല്‍ ബി.എം.ഡബ്ല്യു. കാര്‍ വിലയുടെ 15 ശതമാനം നികുതി അടയ്ക്കണമെന്ന് പറഞ്ഞതോടെയാണ് ചത്തീസ്ഗഢില്‍നിന്ന് വാഹനം വന്ന വഴി യുവാവ് ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയത്. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും നികുതി വെട്ടിച്ച് ഇത്തരം നിരവധി വാഹനങ്ങള്‍ കൊച്ചിയിലൂടെ ഓടുന്നുണ്ടെന്നുമാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.