നായാട്ടിനായി പുറപ്പെട്ടു; വളർത്തുനായയുടെ വെടിയേറ്റ് മുപ്പതുകാരന് ദാരുണാന്ത്യം
വാഷിംഗ്ടൺ: വളർത്തുനായയുടെ വെടിയേറ്റ് യുവാവിന് ദാരുണാന്ത്യം. അമേരിക്കയിലെ കൻസാസിൽ ശനിയാഴ്ചയായിരുന്നു സംഭവം. നായ അറിയാതെ തോക്കിൽ ചവിട്ടുകയും അതിൽ നിന്ന് വെടിയുതിർക്കുകയുമായിരുന്നു.മുപ്പതുകാരനും വളർത്തുനായയും നായാട്ടിനായി ഇറങ്ങിയതായിരുന്നു. പിക്കപ്പ് വാനിന്റെ ഉടമയുടെ നായ വാഹനത്തിന്റെ ബാക്ക് സീറ്റിൽ വച്ചിരിക്കുകയായിരുന്ന തോക്കിൽ ചവിട്ടി. ഉടൻ തോക്കിൽ നിന്ന് വെടിയുതിർന്ന് മുൻ സീറ്റിൽ ഇരിക്കുകയായിരുന്ന യുവാവിന്റെ പുറകിലായി കൊള്ളുകയായിരുന്നു. വെടിയേറ്റ യുവാവ് തൽക്ഷണം മരിച്ചതായും പൊലീസ് വ്യക്തമാക്കുന്നു. അതേസമയം, നായ മരിച്ചയാളുടേതാണോയെന്ന് വ്യക്തമല്ലെന്നും പൊലീസ് കൂട്ടിച്ചേർത്തു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.ആകസ്മികമായ വെടിയേറ്റുള്ള മരണങ്ങൾ പതിവായ രാജ്യങ്ങളിലൊന്നാണ് അമേരിക്ക. ഇവിടെ ജനങ്ങളിൽ മിക്കവാറും പേരുടെയും പക്കൽ തോക്കുണ്ട്. യു എസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷന്റെ കണക്കുകൾ പ്രകാരം 2021ൽ മാത്രം അഞ്ഞൂറിൽ കൂടുതൽ ആളുകളാണ് അമേരിക്കയിൽ യാദൃച്ഛികമായി വെടിയേറ്റ് മരിച്ചത്