വ്യാജ സ്വര്‍ണക്കട്ടി പണയംവെച്ച് 6.55 ലക്ഷം രൂപ തട്ടിയതായി പരാതി; പ്രതി ഒളിവില്‍
കാസർകോട്: വ്യാജ സ്വർണക്കട്ടി പണയംവെച്ച് 6.55 ലക്ഷം രൂപ തട്ടിയെടുത്തതായി ബാങ്ക് മാനേജറുടെ പരാതി. ചെർക്കളയിലെ മുഹമ്മദ് സഫ്വാന്(46) എതിരെയാണ് കേരള ഗ്രാമീൺ ബാങ്ക് മേൽപ്പറമ്പ് ശാഖാ മാനേജർ എം.ശരത് മേൽപ്പറമ്പ് പോലീസിൽ പരാതി നൽകിയിരിക്കുന്നത്. സ്വർണം പൂശിയ വെള്ളിക്കട്ടി പണയം വെച്ചാണ് തുക തട്ടിയതെന്ന് പരാതിയിൽ പറയുന്നു.
2021 സെപ്റ്റംബർ എട്ട്, ഒൻപത് തീയതികളിലായി 102-ഉം 108-ഉം ഗ്രാം വീതമുള്ള രണ്ട് സ്വർണക്കട്ടിയാണ് (26.37 പവൻ) സഫ്വാൻ പണയം വെച്ചത്. ആദ്യത്തേതിന് 3.20 ലക്ഷവും രണ്ടാമത്തേതിന് 3.35 ലക്ഷം രൂപയും ബാങ്ക് നൽകി. കാലാവധി അവസാനിച്ചത് സംബന്ധിച്ച് അറിയിപ്പ് നൽകിയിട്ടും പണയസ്വർണം തിരിച്ചെടുക്കാൻ ഇടപാടുകാരൻ എത്താത്തതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് കബളിപ്പിക്കപ്പെട്ടത് ബാങ്ക് തിരിച്ചറിഞ്ഞത്. വില്പന നടത്തിയ പണയവസ്തു വെള്ളിക്കുമേല്‍ സ്വര്‍ണം പൂശിയതായിരുന്നു. ജനുവരി രണ്ടിനാണ് മാനേജർ പോലീസിൽ പരാതി നൽകിയത്. അന്വേഷണം നടക്കുന്നതിനാൽ പ്രതികരിക്കാനാകില്ലെന്ന് മാനേജർ പറഞ്ഞു.
അതേസമയം, മാനേജറുടെ പരാതിയിൽ മേൽപ്പറമ്പ് പോലീസ് അന്വേഷണം തുടങ്ങി. പ്രതി ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. അയാൾ കുടുംബസമേതം വിദേശത്തേക്ക് കടന്നതായും സൂചനയുണ്ട്. സമാനമായ തട്ടിപ്പ് വേറെ നട്ടന്നിട്ടുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.