കേവലം പത്തൊൻപതാം വയസിൽ ജീവിതത്തിലെ സൗഭാഗ്യങ്ങളെല്ലാം നേടിയ സിനിമാ നടി, മദ്യത്തിൽ അടി തെറ്റി ജീവിതം അവസാനിച്ച ഈ നടിയെ ഓർമ്മയുണ്ടോ
ഒരിയ്ക്കൽ ഇന്ത്യൻ സിനിമയിലെ ഏറ്റവും ജനപ്രിയ നടിമാരിൽ ഒരാളായിരുന്ന ദിവ്യ ഭാരതിയെ ഒരു പക്ഷേ ഇന്നത്തെ തലമുറ കേട്ടിട്ട് കൂടിയുണ്ടാവില്ല. കേവലം പതിനാറ് വയസുള്ളപ്പോൾ ബോബിലി രാജ എന്ന തെലുങ്ക് ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്ന ദിവ്യ രാജ വിശ്വാത്മ എന്ന ആക്ഷൻ ത്രില്ലർ ചിത്രത്തിലൂടെ 1992ൽ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചു. സ്കൂളിൽ പഠിക്കുമ്പോൾ തന്നെ ദിവ്യ ഭാരതിക്ക് നിരവധി ഓഫറുകളാണ് സിനിമയിൽ നിന്നും ഒന്നിന് പുറകേ ഒന്നായി എത്തിയത്. അഭിനയിക്കുന്ന ചിത്രങ്ങളെല്ലാം ബോക്സ് ഓഫീസിൽ പ്രകമ്പനം സൃഷ്ടിച്ചതോടെ ദിവ്യ ഭാരതിയുടെ ഡേറ്റിനായി നിർമ്മാതാക്കൾ ക്യൂനിന്നു. ഭാഗ്യം കൊണ്ടുവരുന്ന നടി എന്ന പേര് വീണതോടെയായിരുന്നു ഇത്.
സിനിമയിൽ അരങ്ങേറ്റം കുറിച്ച് മൂന്ന് വർഷത്തിനുള്ളിൽ തന്നെ നിരവധി ഹിറ്റ് ചിത്രങ്ങളിലാണ് ദിവ്യ ഭാരതി നിറഞ്ഞുനിന്നത്. റൗഡി അല്ലുഡു, അസംബ്ലി റൗഡി, ദീവാന, ഷോല ഔർ ഷബ്നം, ജാൻ സേ പ്യാര, ബൽവാൻ, രംഗ്, തോലി മുദ്ദു എന്നിവ വമ്പൻ ഹിറ്റ് സമ്മാനിച്ച സിനിമകളായി. എന്നാൽ ഈ സൗഭാഗ്യം അധികനാൾ ദിവ്യ ഭാരതിക്കൊപ്പം നിലനിന്നില്ല. 19ാം വയസിൽ നടിയുടെ ആകസ്മിക മരണം ആരാധകരെയും സിനിമാ പ്രവർത്തകരെയും നടുക്കി.
ദുരൂഹ മരണം
അഭിനയജീവിതം ആരംഭിച്ച് കേവലം മൂന്ന് വർഷത്തിനുള്ളിലാണ് ദിവ്യയെ മരണം തേടിയെത്തിയത്. അഞ്ചാം നിലയിൽ നിന്ന് വീണായിരുന്നു ദിവ്യ മരണപ്പെട്ടത്. കെട്ടിടത്തിന്റെ അഞ്ചാം നിലയിലെ ബാൽക്കണിയിൽ ഫാഷൻ ഡിസൈനറായ നീത ലുല്ലയ്ക്കും ഭർത്താവിനും ഒപ്പമിരുന്ന് നടി മദ്യപിക്കുന്നതിനിടെയാണ് അടിതെറ്റി താഴേക്ക് പതിച്ചത്. 1993 ഏപ്രിൽ 5നായിരുന്നു അപകടം സംഭവിച്ചത്. സ്വീകരണമുറിയുടെ ജനാലയിൽ കാലുകൾ പുറത്തേക്കിട്ട് ഇരിക്കുകയായിരുന്ന നടി താഴേക്ക് വീണുവെന്നായിരുന്നു റിപ്പോർട്ടുകൾ. ഫാഷൻ ഡിസൈനർ നീത ലുല്ല ഒരു പുതിയ സിനിമയെ കുറിച്ചുള്ള ചർച്ചയ്ക്കായിട്ടായിരുന്നു എത്തിയത്. 18 വയസുള്ളപ്പോഴാണ് ദിവ്യ ഭാരതി നിർമ്മാതാവ് സാജിദ് നദിയാദ്വാലയെ രഹസ്യമായി വിവാഹം ചെയ്തത്.