പണിക്കാരെപ്പോലെ വന്നു; സിനിമാ സെറ്റില്‍ സിനിമാ സ്റ്റൈല്‍ മോഷണം
അന്നാ ബെന്‍ നായികയാകുന്ന ‘അഞ്ച് സെന്റ് സ്ഥലവും സെലിനും’ എന്ന സിനിമയുടെ സെറ്റിലാണ് മോഷണം നടന്നത്.
ഷൂട്ടിങ് കഴിഞ്ഞ സിനിമാ സെറ്റിലെ മേല്‍ക്കൂരയുടെ പൈപ്പുകള്‍ മോഷ്ടാക്കള്‍ അറുത്ത് കൊണ്ടുപോയി. പണിക്കാരെന്ന മട്ടില്‍ വന്നാണ് പൈപ്പുകള്‍ മുറിച്ച് വണ്ടിയില്‍ കയറ്റിക്കൊണ്ടുപോയത്.
പൈപ്പ് മുറിക്കുന്ന യന്ത്രത്തിന് വേണ്ട വൈദ്യുതി അടുത്ത വീട്ടില്‍ നിന്നാണ് ഇവര്‍ സംഘടിപ്പിച്ചത്. ജോലിക്കാരാണെന്ന ധാരണയിലാണ് ഇവര്‍ക്ക് വൈദ്യുതി നല്‍കിയത്.
കാക്കനാട് തുതിയൂര്‍ ഇന്ദിരാ നഗറിലെ ഒന്നര ഏക്കറോളം വരുന്ന മൂലമ്പിള്ളി പുനരധിവാസ ഭൂമിയിലായിരുന്നു, അന്നാ ബെന്‍ നായികയാകുന്ന ‘അഞ്ച് സെന്റ് സ്ഥലവും സെലിനും’ എന്ന സിനിമക്ക് സെറ്റൊരുക്കിയിരുന്നത്. സെറ്റ് പൊളിച്ച് വില്‍ക്കുന്നതിനുള്ള കരാര്‍ തുതിയൂര്‍ സ്വദേശി ദേവസ്സിക്കായിരുന്നു. ഇതിനിടെയാണ് മോഷണം നടന്നത്. 40,000 രൂപയോളം വിലവരുന്ന ഇരുമ്പിന്റെ സ്ക്വയര്‍ പൈപ്പുകളാണ് നഷ്ടപ്പെട്ടത്.