പണിക്കൂലി മാത്രം അരലക്ഷം, ലക്ഷങ്ങൾ ചെലവാക്കി 500 കിലോ വലകൊണ്ട് മാവിനെ മൂടി നഗരസഭ, മാങ്ങയ്ക്ക് വേണ്ടിയല്ല കൂടണയുന്ന പാവം കിളികളെ അകറ്റാൻ
പന്തളം: ദേശാടനക്കിളികളെ അകറ്റാൻ മരങ്ങളിൽ വലവിരിക്കുന്ന ജോലി പന്തളം നഗരസഭ പൂർത്തീകരിച്ചു. പന്തളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് റോഡിലെ മാവുകളിലാണ് വലയിട്ടത്. കഴിഞ്ഞ ഞായറാഴ്ച വലയിടാൻ ശ്രമിച്ചെങ്കിലും മുറിച്ചുമാറ്റിയ ശിഖരത്തിൽ ഉടക്കിയതോടെ മുടങ്ങി. ഞായറാഴ്ച രാവിലെ ഏഴിന് തുടങ്ങിയ വലയിടൽ രാത്രിയിലും പൂർത്തികരിക്കാൻ അന്ന് കഴിഞ്ഞില്ല. ഇന്നലെ രാവിലെ ആരംഭിച്ച വലയിടൽ രണ്ടുമാവിലുമായി പൂർത്തീകരിച്ചു.ദേശാടനക്കിളികളുടെ കാഷ്ഠം വീഴുന്നതിനാൽ സമീപത്തെ വ്യാപാര സ്ഥാപനങ്ങളും യാത്രക്കാരും ഏറെ ബുദ്ധിമുട്ടിലായിരുന്നു. രണ്ടു മാവുകളുമായി 500 കിലോ വലയാണ് വിരിച്ചത്. 1.35 ലക്ഷം രൂപ വലയ്ക്ക് ചെലവായി. പണിക്കൂലിയായി 50,000 രൂപയും. വലയിടാനായി വൈദ്യുതി ലൈൻ നിറുത്തുന്നതിൽ വ്യാപാരികളടക്കം ചിലർ പ്രതിഷേധിച്ചതും ഞായറാഴ്ച രാത്രി പണി നിറുത്താൻ കാരണമായി. നഗരസഭ ചെയർപേഴ്സൺ സുശീല സന്തോഷ്, വൈസ് ചെയർപേഴ്സൻ യു. രമ്യ, സെക്രട്ടറി അനിത ഇ.വി, ഹെൽത്ത് ഇൻസ്പെക്ടർ, പുഷ്പകുമാർ, കൗൺസിലർമാരായ ബെന്നി മാത്യു, രാധ വിജയകുമാർ, രശ്മി രാജീവ്, കെ. സീന, സൂര്യ എസ്. നായർ, മഞ്ജുഷ സുമേഷ് എന്നിവർ നേതൃത്വം നൽകി.