കൊച്ചിയിൽ പട്ടാപ്പകൽ യുവതിയുടെ കഴുത്തറുത്തു; യുവാവ് പിടിയിൽ
കൊച്ചി: കൊച്ചി നഗരത്തിൽ പട്ടാപ്പകൽ യുവതിയ്ക്ക് നേരെ ആക്രമണം. എറണാകുളം രവിപുരത്തെ റെയ്സ് ട്രാവൽ ഏജൻസിയിൽ ഇന്നുച്ചയ്ക്കായിരുന്നു സംഭവം. വിസയുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് പള്ളുരുത്തി സ്വദേശി ജോളി ജെയിംസ് തൊടുപുഴ സ്വദേശിയായ സൂര്യയെ ആക്രമിക്കുകയായിരുന്നു.വിസയ്ക്കായി ജോളി ട്രാവൽസ് ഉടമയ്ക്ക് ഒരു ലക്ഷം രൂപ നൽകിയിരുന്നു. എന്നാൽ ഏറെനാളായിട്ടും വിസ ലഭിക്കാതെ വന്നതോടെ യുവാവ് പണം തിരികെ ചോദിച്ചു. എന്നാൽ പണവും ലഭിക്കാതായതോടെ ഉടമയെ കൊല്ലുക എന്ന ലക്ഷ്യത്തോടെയാണ് ഇയാൾ ട്രാവൽ ഏജൻസിയിലെത്തിയത്. ഈ സമയം ഉടമ സ്ഥലത്തുണ്ടായിരുന്നില്ല. ഇതോടെ യുവാവ് ഏജൻസിയിലെ ജീവനക്കാരിയായ യുവതിയെ ആക്രമിക്കുകയായിരുന്നു. കഴുത്തിൽ മുറിവേറ്റ സൂര്യ അടുത്തുള്ള ഹോട്ടലിലേയ്ക്ക് ഓടിക്കയറി. ഇതിനിടെ സ്ഥലത്തെത്തിയ പൊലീസ് യുവതിയെ ആശുപത്രിയിലെത്തിക്കുകയും ജോളിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.