പത്ത് ദിവസത്തെ ചികിത്സയ്ക്ക് ഹൃദ്രോഗിക്ക് സ്വകാര്യ ആശുപത്രി നൽകിയത് 54 ലക്ഷം രൂപയുടെ ബില്ല്, ബന്ധുക്കൾ ഇതുവരെ അടച്ചത് 20 ലക്ഷം
ഹൈദരാബാദ്: സ്വകാര്യ ആശുപത്രികൾ അമിത ബില്ലുകൾ ഈടാക്കുന്നതിനെ കുറിച്ച് മുൻപും ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. ഇപ്പോളിതാ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ കേവലം 10 ദിവസം രോഗിക്ക് ചികിത്സ നൽകിയതിന് 54 ലക്ഷം രൂപയുടെ ബില്ലാണ് നൽകിയത്. നഗരത്തിലെ പ്രശസ്ത സ്വകാര്യ ആശുപത്രിയായ സിറ്റിസൺ സ്പെഷ്യാലിറ്റി ഹോസ്പിറ്റലാണ് വൻതുക ഈടാക്കിയത്. 44 കാരനായ രോഗി സയ്യിദ് റഹ്മത്ത് ഉദ്ദീനെ ഈ മാസം ആദ്യമാണ് ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ഇയാളെ കൊറോണറി ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയിരുന്നു.മജ്ലിസ് ബച്ചാവോ തെഹ്രീക്ക് വക്താവ് അംജെദുള്ളാ ഖാനാണ് ആശുപത്രി രോഗിയുടെ ബന്ധുക്കൾക്ക് നൽകിയ ബില്ലിന്റെ ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചത്. രോഗിയിൽ നിന്ന് കൺസൾട്ടേഷനുകൾക്ക് 50000 രൂപയും ഐസിയുവിനും മുറികൾക്കും 300000 രൂപയും ആൻജിയോപ്ലാസ്റ്റിക്ക് 400000 രൂപയും മരുന്നുകൾക്കും ഡിസ്പോസിബിളുകൾക്കും 11,00,000 രൂപയും ഇൻവെസ്റ്റിഗേഷനായി 3,50,000 രൂപയും മറ്റ് പരിചരണത്തിന് 5,00,000 രൂപയും ഈടാക്കിയതായി ബില്ലിൽ വ്യക്തമാക്കുന്നു. എല്ലാ ചെലവുകൾക്കും ആകെ 54 ലക്ഷമെന്നാണ് ബില്ലിൽ രേഖപ്പെടുത്തിയിട്ടുള്ളത്.
കുടുംബാംഗങ്ങൾ ഇതുവരെ 20 ലക്ഷം രൂപ ആശുപത്രിയിൽ അടച്ചു. ഉടൻ 29 ലക്ഷം കൂടി അടയ്ക്കാൻ ആശുപത്രി അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. സ്വകാര്യ ആശുപത്രിയിലെ ഭാരിച്ച ബിൽ ഇതിനകം സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയായിട്ടുണ്ട്. എന്നാൽ സംഭവത്തിൽ സർക്കാർ അധികൃതരോ ആരോഗ്യ വകുപ്പോ ഇതുവരെ പ്രതികരിച്ചിട്ടില്ല.