ബാങ്കോട് ഉത്സവാന്തരീക്ഷം തീർത്ത് ഗൾഫ് ജമാഅത്ത്
കാസർകോട്: കഴിഞ്ഞ ആറു ദിവസങ്ങളായി കാസർകോട് തളങ്കര ബാങ്കോട് കേന്ദ്രീകരിച്ച് നടത്തപ്പെട്ട ഗൾഫ് മീറ്റ് പ്രദേശത്തെ ഉത്സവ അന്തരീക്ഷം ആക്കി മാറ്റി. നാല് ചൂരുകൾക്കിടയിൽ ഒതുങ്ങിയിരുന്ന വീട്ടമ്മമാരെ അവരുടെ കുടുംബത്തോടൊപ്പം ചേർത്ത് കുട്ടിക്കാലത്തേക്ക് തിരിച്ചുകൊണ്ടുപോകാൻ ഈ കൂട്ടായ്മക്ക് സാധിച്ചു. ഗൾഫ് ജമാഅത്ത് സംഘടിപ്പിച്ച ഗൾഫ് മീറ്റിന് അഭിനന്ദനവുമായി യുവ എഴുത്തുകാരി സുഹ്റ ശരീഫ് ചുങ്കത്തിൽ നവമാധ്യമങ്ങളിൽ പോസ്റ്റിയ കുറിപ്പ് ഏറെ ശ്രദ്ധേയമാണ്.
കുറിപ്പ് ഇങ്ങനെ…
എല്ലാ തികഞ്ഞവരായി ഇവിടെ ആരുമില്ല അതുപോലെ തീരെ കഴിവില്ലാത്തവരായും
വിദ്യാഭ്യാസ കാലഘട്ടത്തിൽ നമുക്കിടയിലെ പലർക്കും മനസ്സുകളിൽ തളംകെട്ടി നിൽക്കുന്ന സ്വർഗീയ വാസനകൾ പുറംലോകത്ത് എത്തിക്കാൻ അവസരം ലഭിച്ചിരുന്നു, എന്നാൽ ഒരു കുടുംബമായി നമ്മൾ പലരും ഒതുങ്ങിയതോടെ വേദികൾ നഷ്ടപ്പെട്ടതോടെ കലാകായിക സന്തോഷങ്ങളും അകന്നു പോയി.
ഇവിടെയാണ് ബാങ്കോട് ഗൾഫ് ജമാഅത്ത് പ്രസക്തമാക്കുന്നത്.
നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങിപ്പോയ വീട്ടമ്മമാരും അവരുടെ കുടുംബത്തെയും ഒരുമിച്ചു കൂട്ടി നടത്തിയ ഗൾഫ് മീറ്റ് എന്ന മഹാസംഗമം പലരെയും തങ്ങളുടെ കുട്ടിക്കാലത്തേക്കാണ് തിരിച്ചുകൊണ്ടുപോയത്.
നമ്മുടെ മനസ്സുകളെ ഒരുകാലത്ത് ഏറെ സന്തോഷിപ്പിക്കുകയും പിന്നീട് മായ്ക്കപ്പെടുകയും ചെയ്ത ‘ കല’ എന്ന വസന്ത പുഷ്പത്തെ എല്ലാവരിലേക്കും വീണ്ടും പകർന്നു നൽകാൻ ബാങ്കോട് ഗൾഫ് ജമാഅത്തിന്റെ ആറാം വാർഷികം പ്രമാണിച്ച് നടത്തപ്പെട്ട ഗൾഫ് മീറ്റിന് സാധിച്ചു എന്നുള്ളത് പ്രശംസകരം തന്നെ.
ബാങ്കോട് കേന്ദ്രീകരിച്ച് ഇത്തരത്തിൽ നടന്ന ആദ്യ പരിപാടി ആയതുകൊണ്ട് തന്നെ ചില ന്യൂനതകൾ നിഴലിച്ചു കാണാൻ സാധിച്ചിരുന്നു.
ഒരു 60 വർഷം മുമ്പ് ഇടകലർന്ന കാടുകളും കുന്നും, ചരിവും വന്യമൃഗങ്ങളും ഉരഗ വർഗ്ഗങ്ങളാലും ഭയപ്പെടുത്തുന്ന പ്രദേശമായിരുന്നു ബാങ്കോട്. എന്നാൽ ഇന്ന് കാലഘട്ടം 2022 എത്തിയപ്പോൾ ആധുനികതയുടെ എല്ലാ സൗകര്യങ്ങളും പേറിയ ഒരു ജനവാസ കേന്ദ്രമായി ഈ പ്രദേശം മാറിയിരിക്കുന്നു.
ഇവിടെ എടുത്തു പറയപ്പെടേണ്ട ഒരു പേര് തളങ്കരയിലെ പ്രത്യേകിച്ചും ബങ്കോട്ടെ നമ്മുടെ സ്വാമിയെ കുറിച്ച് തന്നെയാണ്. അതായത് ദേവിദാസ് റാവു ബഗ്ടെ. നന്മ നിറഞ്ഞ ഈ മനുഷ്യൻറെ സഹായങ്ങൾ നമുക്കിടയിലെ പലരും അനുഭവിച്ചതാണ്. ബാങ്കോടിനെ ബാങ്കോട് ആക്കി മാറ്റുന്നതിലും ഈ ശുഭ വസ്ത്രധാരി വഹിച്ച പങ്ക് ചെറുതല്ല. അതുകൊണ്ടുതന്നെ സ്വാമിയുടെ പേര് തന്നെ ഈ ഉത്സവം നഗരിക്ക് നൽകിയിരുന്നെങ്കിൽ വലിയൊരു സന്ദേശം മറ്റുള്ളവർക്കും നൽകാൻ നമുക്ക് സാധിക്കുമായിരുന്നു. അതുപോലെതന്നെ ചില വിശിഷ്ട വ്യക്തികളുടെ അസാന്നിധ്യം നേരത്തെ പറഞ്ഞ ന്യൂനതകളിൽ ഉൾപ്പെടും.വരുംവർഷങ്ങളിൽ അത്തരം പോരായ്മകൾ തുടച്ചുനീക്കും എന്നാണ് പ്രതീക്ഷ.
എന്തൊക്കെ പറഞ്ഞാലും ബങ്കോട്ടെ പ്രവാസികളായ മനുഷ്യ ജീവിതങ്ങൾ
തങ്ങളുടെ സ്വന്തം അധ്വാനം നാടിൻ്റെ പുരോഗതിക്കായി മാറ്റിവെച്ചതിന് എത്ര അഭിനന്ദിച്ചാലും മതിവരില്ല.ഈ സുന്ദര ജനവാസ കേന്ദ്രത്തിൽ വരും നാളുകളിൽ കൂടുതൽ ആഘോഷ സംഗമങ്ങൾ ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു.
ആരും ചടഞ്ഞു കൂടേണ്ടവരല്ലെന്ന സന്ദേശം നൽകാൻ ഈയൊരു മഹാ സംഗമത്തിന് സാധിച്ചിരിക്കുന്നു എന്നുള്ളത് മുന്നോട്ടുള്ള നമ്മുടെ പ്രയാണത്തിന് ഏറെ ഗുണകരമായി മാറും.