മദ്യപാനികൾ മാത്രമല്ല കരളിന്റെ ആരോഗ്യത്തെക്കുറിച്ച് ആശങ്കപ്പെടേണ്ടത്; കരൾ കോശങ്ങളുടെ സംരക്ഷണത്തിന് പ്രധാനിയായ ബീറ്റ്റൂട്ട് ഉപയോഗിക്കേണ്ടത് ഇങ്ങനെ
ഒട്ടേറേ പ്രത്യേകതകളും അത്രമേൽ പ്രധാനപ്പെട്ടതുമായ മനൂഷ്യശരീരത്തിലെ അവയവമാണ് കരൾ. കരളിലെ കോശങ്ങൾക്ക് പുനർജീവനത്തിനായുള്ള ശേഷിയാണ് ഈ ആന്തരിക അവയവത്തെ മറ്റു ശരീരഭാഗങ്ങളിൽ നിന്നും വേറിട്ട് നിർത്തുന്നത്. രക്തശുദ്ധീകരണത്തിനും ദഹനത്തിനും പ്രധാന പങ്ക് വഹിക്കുന്ന കരളിന് ഒരുപരിധി വരെയുള്ള കേടുപാടുകൾ സംഭവിച്ചാലും കോശങ്ങൾ വീണ്ടും പഴയ പടി വളർന്നു വരുന്നതായിരിക്കും. അതിനാൽ തന്നെ പലവിധത്തിലുള്ള തെറ്റിദ്ധാരണകളും കരളിനെപറ്റി പലരും വെച്ചുപുലർത്തുന്നുമുണ്ട്. വെട്ടിമുറിച്ചാലും വളർന്നു വരാനുള്ള കഴിവ് കരളിനുണ്ട് എന്നത് പൊതുവായി പറഞ്ഞു കേൾക്കുന്നതാണ്. ഇത് ഒരു പരിധി വരെ ശരിയാണെങ്കിും കൃത്യമായ നിരക്കിനകത്ത് മാത്രമേ കരൾ കോശങ്ങളുടെ പുനർജീവനം സാദ്ധ്യമാവുകയുള്ളു.കരൾ കോശങ്ങളുടെ വളർച്ചയ്ക്ക് ഒരാളുടെ കരൾ എത്രമാത്രം ആരോഗ്യത്തോടെയാണുള്ളത് എന്ന കാര്യം വലിയ പങ്കാണ് വഹിക്കുന്നത്. അതിനാലാണ് നിരന്തരം മദ്യപാനികളായവർക്ക് കരളിന്റെ സവിശേഷ ഗുണം മൂലം ഉപകാരമില്ലാതെ പോകുന്നതും, പലപ്പോഴും മരണത്തിന് കീഴടങ്ങുന്നതും. അതിനാൽ കരളിന്റെ ആരോഗ്യസംരക്ഷണത്തിന് ഉപയോഗിക്കാവുന്ന ഒരു പ്രകൃതിദത്ത മാർഗത്തെക്കുറിച്ചാണ് താഴെ ചേർക്കുന്നത്.ബീറ്റ് റൂട്ട്കരളിന്റെ സംരക്ഷണത്തിന് ഏറെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് ബീറ്റ്റൂട്ട്. ഇതിന് കാരണം ബീറ്റ്റൂട്ടിലെ പോഷകഘടകങ്ങൾ കരൾ കോശങ്ങളുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്ന ഹെപ്പാറ്റോ നിയോജനസിസിന് ആക്കം കൂട്ടുന്നു എന്നതാണ്. അതിനാൽ തന്നെ ബീറ്റ് റൂട്ട് ഒരു പ്രത്യേക രീതിയിൽ കുടിക്കുന്നത് കരളിന് ഏറെ ഗുണം ചെയ്യും.ആദ്യ ആഴ്ചയിൽ ഒരു ഔൺസ് എന്ന രീതിയിൽ ആരംഭിച്ച് നാലാമത്തെ ആഴ്ചയിൽ നാല് ഔൺസ് എന്ന ക്രമത്തിലാണ് ബീറ്റ്റൂട്ട് ജ്യൂസ് ദിവസവും കുടിക്കേണ്ടത്. നാലാമത്തെ ആഴ്ചയ്ക്ക് ശേഷം ബീറ്റ്റൂട്ടിനോടൊപ്പം ക്യാരറ്റ്, ആപ്പിൾ എന്നിവ രുചി വ്യത്യാസത്തിന് കൂടെ ചേർക്കാവുന്നതാണ്. കാരണം എല്ലാവർക്കും ഇഷ്ടമാകുന്ന തരത്തിലുള്ള രുചിഭേദമല്ല ബീറ്റ്റൂട്ട് മാത്രം ഉപയോഗിച്ച് ഉണ്ടാക്കുന്ന ജ്യൂസിനുള്ളത്.അളവിൽ കൂടിയാൽ മനംപിരട്ടൽ അടക്കം ഉണ്ടാകാൻ സാദ്ധ്യതയുള്ളതിനാൽ നിഷ്കർഷിക്കുന്ന അളവിൽ മാത്രം ഉപയോഗിക്കുക. ബീറ്റ്റൂട്ട് ജ്യൂസ് കഴിക്കുന്ന ചുരുക്കം ചിലരിൽ മലമൂത്ര വിസർജ്ജ്യത്തിന് ബീറ്റ്റൂട്ടിന് സമാനമായ നിറവ്യത്യാസമുണ്ടാകാം. ഇത് ബീറ്റൂരിയ എന്ന അപകടകരമല്ലാത്ത അവസ്ഥ മൂലമാണുണ്ടാകുന്നത്. ബീറ്റ്റൂട്ട് കഴിക്കുന്ന 14 ശതമാനം പേർക്കും ഈ അവസ്ഥയുണ്ടാകാമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.