കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ജാതി വിവേചനം, അന്വേഷണ റിപ്പോർട്ടിൽ നടപടിയെടുക്കാനിരിക്കെ ശങ്കർ മോഹന്റെ രാജി; ആർ ബിന്ദു
കോട്ടയം: കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹന്റെ രാജി, വിഷയത്തിൽ അന്വേഷണസമിതി സമർപ്പിച്ച റിപ്പോർട്ട് നടപ്പിലാക്കാനിരിക്കവേ ആയിരുന്നു എന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. എന്നാൽ ശങ്കർ മോഹനെതിരെ വിദ്യാർത്ഥികളും ശുചീകരണ തൊഴിലാളികളും അടക്കം ഉയർത്തിയ ജാതി വിവേചന ആരോപണങ്ങൾ ശരിയായിരുന്നോ എന്ന ചോദ്യത്തോട് മന്ത്രി പ്രതികരിക്കാൻ കൂട്ടാക്കിയില്ല. വിദ്യാർത്ഥികളുടെ പരാതിയിന്മേൽ അന്വേഷണം നടത്തിയ രണ്ട് സമിതികളും സമാനമായ ഉള്ളടക്കമുള്ള റിപ്പോർട്ടാണ് സമർപ്പിച്ചതെന്നും ആർ ബിന്ദു വ്യക്തമാക്കി.ജാതി വിവേചനം ഉന്നയിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർക്കെതിരായ വിദ്യാർത്ഥികളുടെ സമരം ഒരു മാസത്തിലധികമായി തുടർന്ന് വരവേയാണ് ശങ്കർ മോഹൻ രാജി പ്രഖ്യാപിച്ചത്. സമരത്തിന്റെ വിജയമായാണ് രാജിയെ കണക്കാക്കുന്നത് എന്നായിരുന്നു വിദ്യാർത്ഥികളുടെ പ്രതികരണം. എന്നാൽ ശങ്കർ മോഹന്റെ രാജി പ്രഖ്യാപനം കൊണ്ട് മാത്രം സമരം ഒത്തുതീർപ്പിലെത്തില്ല എന്നാണ് വിദ്യാർത്ഥികളുടെ നിലപാട്. സമരം നീളുന്നതിൽ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായ അടൂരിനും വിമുഖതയുള്ളതായാണ് വിവരം. വിഷയത്തിൽ ഇപ്പോൾ പ്രതികരിക്കുന്നില്ലെന്ന് അടൂർ ഗോപാലകൃഷ്ണൻ അറിയിച്ചിരുന്നു. ജാതിവിവേചന പരാതി ഉന്നയിക്കപ്പെട്ട സമയം മുതൽ അടൂർ ഗോപാലകൃഷ്ണൻ ശങ്കർ മോഹനെ സംരക്ഷിക്കുകയാണെന്നും ആരോപണമുയർന്നിരുന്നു.അതേസമയം കാലാവധി പൂർത്തിയായതിനാലാണ് രാജി വച്ചൊഴിഞ്ഞതെന്നും വിവാദങ്ങളുമായി ബന്ധപ്പെടുത്തേണ്ടെന്നുമായിരുന്നു ശങ്കർ മോഹന്റെ പ്രതികരണം. സർക്കാർ തലത്തിൽ തന്നോട് ആരും തന്നെ രാജി വെയ്ക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്നായിരുന്നു അദ്ദേഹം അറിയിച്ചതെങ്കിലും വിവാദങ്ങളുടെ ചുവടുപിടിച്ചാണ് ഇപ്പോഴുണ്ടായ രാജി എന്നാണ് സൂചന.