ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലെ മത്സരം പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഒപ്പമുള്ള രാജ്യസ്നേഹികളും പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന ഷാഹിന്‍ബാഗിലെ പ്രതിഷേധക്കാരും തമ്മിലാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഡല്‍ഹിയിലെ പൊതുജനറാലിയില്‍ സംസാരിക്കവേയായിരുന്നു അമിത്ഷായുടെ പരാമര്‍ശം. ആരാണോ രാജ്യത്തിനെതിരെ വിരല്‍ചൂണ്ടുന്നത് അവര്‍ക്ക് മോഡി സര്‍ക്കാര്‍ തക്കതായ ഉത്തരം നല്‍കുമെന്നും അമിത് ഷാ പറഞ്ഞു.
ഡല്‍ഹിയിലെ ജനങ്ങള്‍ വോട്ട് ചെയ്യാന്‍ പോകുമ്ബോള്‍ ഓര്‍ക്കേണ്ടത് ഇത് പ്രത്യയശാസ്ത്രങ്ങള്‍ തമ്മിലുള്ള പോരാട്ടമാണെന്നാണ്. ഒരുഭാഗത്ത് രാഹുല്‍ഗാന്ധിയും അരവിന്ദ് കെജരിവാളും, അവര്‍ ഷാഹിന്‍ ബാഗിന്റെ കൂടെ ചേര്‍ന്ന് വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണ്. മറുഭാഗത്ത് നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള ബിജെപി. അവര്‍ രാജ്യത്തിന്റെ വികസനത്തിനും സുരക്ഷയ്ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന ദേശഭക്തരാണെന്നും അമിത് ഷാ അവകാശപ്പെട്ടു.
ബിജെപിക്ക് ജനങ്ങള്‍ക്ക് വ്യാജ വാഗ്ദാനങ്ങള്‍ നല്‍കേണ്ട ആവശ്യമില്ലെന്നും അമിത്ഷാ പറഞ്ഞു. എന്നാല്‍ അമിത് ഷായുടെ ആഹ്വാനങ്ങളെല്ലാം ഡല്‍ഹിയില്‍ പാഴാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പുറത്തുവന്ന സര്‍വ്വേ ഫലങ്ങളിലെല്ലാം കെജരിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി, സര്‍ക്കാര്‍ രൂപീകരിക്കുമെന്നാണ് സൂചന. 70 സീറ്റില്‍ ആം ആദ്മി 54 മുതല്‍ 60 സീറ്റുകള്‍ വരെ നേടുമെന്നാണ് പ്രവചനം. ബിജെപിക്ക് പ്രചരണങ്ങള്‍ക്കനുസരിച്ചുള്ള ഫലം ലഭിക്കില്ലെന്നും ടൈംസ് നൗ-ഐപിഎസ്ഒഎസ് സര്‍വേ പറയുന്നു. ബിജെപി 10 മുതല്‍ 14 സീറ്റുകള്‍ വരെ നേടിയേക്കും. 2015ല്‍ 67 സീറ്റുകളിലായിരുന്നു പാര്‍ട്ടിയുടെ ജയം.