500 കോടിയുടെ സ്വത്ത് ഉപേക്ഷിച്ചു; വജ്രവ്യാപാരിയുടെ എട്ടു വയസ്സുകാരിയായ മകള്‍ സന്യാസിനിയായി!
അനന്തരാവകാശമായി ലഭിക്കേണ്ട കോടിക്കണക്കിന് രൂപയുടെ സ്വത്തുപേക്ഷിച്ച് സന്യാസം സ്വീകരിച്ച് എട്ടു വയസുകാരി. ഗുജറാത്തിലെ സൂറത്തിലെ പ്രമുഖ വജ്ര വ്യാപാരി ധനേഷ് സാങ്വിയുടെ മൂത്ത മകള്‍ ദേവാന്‍ഷി സാങ്വിയാണ് ലൗകിക ജീവിതം ഉപേക്ഷിച്ച് ജൈനസന്യാസ ദീക്ഷ സ്വീകരിച്ചത്.
500 കോടി രൂപയോളം മൂല്യമുള്ള സ്വത്തുക്കളുടെ അനന്തരാവകാശികളില്‍ ഒരാളായിരുന്നു ദേവാന്‍ഷി. ഏകദേശം മൂന്ന് പതിറ്റാണ്ടായി സൂറത്തില്‍ വജ്രവ്യാപാരം നടത്തുന്നവരാണ് സാങ്വി ആന്റ് സണ്‍സ്. നിലവില്‍ ഈ സ്ഥാപനത്തിന്റെ മേധാവിയാണ് ദേവാന്‍ഷിയുടെ അച്ഛന് ധനേഷ് സാങ്വി.
ചടങ്ങുകള്‍ നാല് ദിവസം നീണ്ടു നിന്നു. ശിരസ്സ് മുണ്ഡനം ചെയ്ത് ക്ഷേത്രത്തിലെത്തിയ ദേവാന്‍ഷി തന്റെ പട്ടുകുപ്പായങ്ങളും ആഭരണങ്ങളും സമര്‍പ്പിച്ച് വെളുത്ത വസ്ത്രം സ്വീകരിച്ചു. ജൈനസന്യാസിയാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് എട്ടു വയസ്സുകാരി. സന്യാസം സ്വീകരിക്കുന്നത് ദേവാന്‍ഷിയുടെ ആഗ്രഹമായിരുന്നെന്നും ഇതുവരെ സിനിമ തിയേറ്ററിലോ ഷോപ്പിങ് മാളുകളിലോ റസ്റ്റോറന്റുകളിലോ അവള് പോയിട്ടില്ലെന്നും കുടുംബാംഗങ്ങള്‍ പറയുന്നു.