ന്യൂദൽഹി: ഇന്ത്യയിലെത്തിയ പാകിസ്താനികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കണമെന്ന ആവശ്യമുയരുന്നു. 60 പാക് ഹിന്ദുക്കളാണ് ടൂറിസ്റ്റ് വിസയില്‍ അഠാരി- വാഗ അതിര്‍ത്തി വഴി ഇന്ത്യയിലെത്തിയത്. ഇവരില്‍ ചിലര്‍ പാകിസ്താനില്‍ തങ്ങള്‍ സുരക്ഷിരതല്ലെന്ന സൂചന നല്‍കിയെന്നും ഇന്ത്യ ഇവര്‍ക്ക് പൗരത്വം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായുമാണ് കരുതുന്നത്.
ശിരോമണി അകാലിദള്‍ നേതാവും ദില്ലി സിഖ് ഗുരുദ്വാര മാനേജ്മെന്റ് കമ്മറ്റി പ്രസിഡന്റുമായ മഞ്ജീന്ദര്‍ സിംഗ് സിര്‍സയാണ് ദളിത് ഹിന്ദു, സിഖ് കുടുംബങ്ങളെ സ്വീകരിച്ചത്. പാകിസ്താനില്‍ മതപീഡനത്തിന് ഇരയായെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. ഇവര്‍ക്ക് പൗരത്വ നിയമത്തിന് കീഴില്‍ ഇന്ത്യന്‍ പൗരത്വം നല്കാ ആവശ്യപ്പെടുമെന്ന് മഞ്ജീന്ദര്‍ സിംഗ് വ്യക്തമാക്കി.
പാകിസ്താനില്‍ മതപീഡനത്തിന് ഇരയായതുകൊണ്ടാണ് ഇവര്‍ ഇന്ത്യയില്‍ അഭയാര്‍ത്ഥികളായി എത്തിയിട്ടുള്ളത്. പാകിസ്താനില്‍ ഇവര്‍ പല തരത്തിലുള്ള കഷ്ടതകളാണ് അനുഭവിക്കുന്നത്. ഒരു കുടുംബത്തിലെ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിത മതംമാറ്റത്തിന് വിധേയമാക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.ഇപ്പോള്‍ ഇന്ത്യയില്‍ താമസിക്കണമെന്ന ആവശ്യം ഉന്നയിക്കുന്ന നാല് കുടുംബങ്ങളാണ് എനിക്കൊപ്പമുള്ളത്. അതിലൊന്ന് ഡോക്ടര്‍ കുടുംബമാണ്. ഞാന്‍ അമിത് ഷായെ കണ്ട് ഇവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്കാന് ആവശ്യപ്പെടുമെന്നും സിര്‍സ ഫേസ്ബുക്കില്‍ കുറിച്ചു.
ഇന്ത്യയില്‍ പൗരത്വ നിയമം പ്രാബല്യത്തില്‍ വന്നതോടെ പാകിസ്താനില്‍ നിന്നെത്തുന്ന ഹിന്ദുക്കളുടെ എണ്ണം വര്‍ധിച്ചതായാണ് ബിഎസ്എഫ് ഉദ്യോഗസ്ഥരും സാക്ഷ്യപ്പെടുത്തുന്നത്. പാകിസ്താനിലെ സിന്ധ്, കറാച്ചി പ്രദേശങ്ങളില്‍ നിന്നുള്ളവരാണ് ഇന്ത്യയിലെത്തുന്നവരില്‍ അധികവും.
പാകിസ്താനില്‍ ഞങ്ങള്‍ പ്രശ്നത്തിലായതുകൊണ്ടാണ് ഭാര്യയ്ക്കും രണ്ട് മക്കള്‍ക്കുമൊപ്പം ഇന്ത്യയിലെത്തിയത്. ഞങ്ങള്‍ക്ക് അവിടെ വളരെ പരിമിതമായ സാമ്ബത്തിക സാധ്യതകള്‍ മാത്രമാണുള്ളത്. ഞങ്ങളുടെ പെണ്മക്കള്ക്ക് നേരെ അവിടെ നിന്ന് ഭീഷണികള്‍ ഉയരുന്നുണ്ട്. പൗരത്വ നിയമത്തെക്കുറിച്ച് വായിച്ചറിഞ്ഞ് പ്രതീക്ഷയോടെയാണ് ഇന്ത്യയിലെത്തിയിട്ടുള്ളതെന്നാണ് പാകിസ്കാനില്‍ നിന്നെത്തിയ പ്രകാശ് ദേവ് ചൂണ്ടിക്കാണിക്കുന്നത്. അടുത്ത കാലത്തായി ഇന്ത്യയിലെത്തുന്നവരെ സുരക്ഷാ ഏജന്‍സികള്‍ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്.