പിഴയില്‍ ഇളവില്ല; മത്സര കമ്മീഷനുമായി സഹകരിക്കുമെന്ന് ഗൂഗിള്‍
ഗൂഗിളിന് മത്സരക്കമ്മിഷന് 1337 കോടി രൂപയുടെ പിഴചുമത്തിയത് സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച ദേശീയ കമ്പനി നിയമ അപ്പലറ്റ് ട്രിബ്യൂണലിന്റെ നടപടിയില്‍ ഇടപെടാനാവില്ലെന്നറിയിച്ചിരിക്കുകയാണ് സുപ്രീം കോടതി. ഈ സാഹചര്യത്തില്‍ സുപ്രീം കോടതി ഉത്തരവ് വിശകലനം ചെയ്യുകയാണെന്നും മത്സര കമ്മീഷനുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും ഗൂഗിള്‍ അറിയിച്ചു.
രണ്ട് പിഴ ശിക്ഷകളാണ് മത്സര കമ്മീഷന് ഗൂഗിളിന് നല്‍കിയിട്ടുള്ളത്. അതില്‍ ഒന്ന് 1337.6 കോടി രൂപയുടേതാണ്. ഈ തുകയുടെ പത്ത് ശതമാനം ഒരാഴ്ചയ്ക്കുള്ളില്‍ നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
ഗൂഗിളിനെ സംബന്ധിച്ചിടത്തോളം പിഴ ശിക്ഷയേക്കാളുപരി മത്സരകമ്മീഷന്റെ മറ്റ് നിര്‍ദേശങ്ങളാണ് വലിയ വെല്ലുവിളി ആയിരിക്കുന്നത്. ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഗൂഗിള്‍ മൊബൈല്‍ സ്യൂട്ട് മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്യുന്നത് അവസാനിപ്പിക്കണം എന്ന് മത്സര കമ്മീഷന് നിര്‍ദേശിച്ചിട്ടുണ്ട്. അതായത് ഗൂഗിളിന്റെ ആപ്പുകളും മറ്റ് സേവനങ്ങളും ഒരു ആന്‍ഡ്രോയിഡ് ഫോണ്‍ ഉപഭോക്താവിന്റെ കൈകളിലെത്തുന്നതിന് മുമ്പ് ഇന്‍സ്റ്റാള്‍ ചെയ്തുവെക്കാന്‍ പാടില്ല. ഗൂഗിള്‍ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് ഫോണ്‍ നിര്‍മാണ കമ്പനികളുമായി ഗൂഗിള്‍ പ്രത്യേക കരാറൊപ്പിടുന്നുണ്ട്. ഇതുവഴി ജിമെയില്‍, ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ഗൂഗിള്‍ പേ, ഗൂഗിള്‍ മാപ്പ്, യൂട്യൂബ് പോലുള്ള ആപ്പുകള്‍ ഫോണില്‍ ഉപഭോക്താക്കളുടെ താല്പര്യം പരിഗണിക്കാതെ തന്നെ ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുന്നു. ഇത് ശരിയല്ലെന്ന് കമ്മീഷന് ചൂണ്ടിക്കാണിക്കുന്നു.
ഗൂഗിളിന്റെ ആപ്പുകള്‍ ഫോണുകളില്‍ നിന്ന് അണ് ഇന്‍സ്റ്റാള്‍ ചെയ്യുന്നത് തടയരുത് എന്നും. ഡിഫോള്‍ട്ട് ബ്രൗസറായി മറ്റ് ബ്രൗസര്‍ ആപ്പുകള്‍ ഉപയോഗിക്കുന്നത് തടയരുത് എന്നും മത്സര കമ്മീഷന് ആവശ്യപ്പെടുന്നു.
ഇതിനെല്ലാം പുറമെ പ്ലേ സ്റ്റോര്‍ വഴി ഡെവലപ്പര്‍മാര്‍ക്ക് അവരുടെ ആപ്പ് സ്റ്റോറുകള്‍ വിതരണം ചെയ്യുന്നത് തടയാന്‍ പാടില്ലെന്നും മറ്റ് ആപ്പ് സ്റ്റോറുകളില്‍ നിന്ന് ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നത് ഗൂഗിള്‍ നിയന്ത്രിക്കരുതെന്നും കമ്മീഷന് നിര്‍ദേശിച്ചു. നിലവില്‍ പ്ലേ സ്റ്റോറില്‍ മറ്റ് ആപ്പ് സ്റ്റോറുകള്‍ അനുവദിക്കില്ല. എങ്കിലും പുറത്ത് നിന്നുള്ള ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആന്‍ഡ്രോയിഡ് അനുവദിക്കുന്നുണ്ട്.
അതേസമയം ഈ നിര്‍ദേശങ്ങള്‍ ആന്‍ഡ്രോയിഡ് ഉപഭോക്താക്കളുടെ സുരക്ഷയ്ക്കും സ്വകാര്യതയ്ക്കും ഭീഷണിയാണെന്ന് ഗൂഗിള്‍ അടുത്തിടെ പങ്കുവെച്ച ബ്ലോഗ് പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.