ഇന്ത്യന്‍ ടീമില്‍ വീണ്ടും പടലപിണക്കം; കോഹ്ലിയും പാണ്ഡ്യയും തമ്മില്‍ ഉടക്കി?
ഒരിടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ വീണ്ടും താരങ്ങളുടെ പടലപിണക്കം.
മുന്‍ നായകനും ഇതിഹാസതാരവുമായ വിരാട് കോഹ്ലിയും ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയും തമ്മില്‍ ഉടക്കാണെന്നാണ് അണിയറസംസാരം. ഇരുവരും തമ്മില്‍ സംസാരിക്കാറില്ലെന്നും ടീമുമായി അടുപ്പമുള്ളവര്‍ പറയുന്നു. ശ്രീലങ്കയ്ക്കെതിരെ അടുത്തിടെ സമാപിച്ച ഏകദിന പരമ്ബരയ്ക്കിടയിലുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാകുന്നത്.
ഒരു വിക്കറ്റ് നേട്ടം ആഘോഷിക്കുന്നതിനിടെ കോഹ്ലിക്ക് മാത്രം കൈകൊടുക്കാതിരുന്ന പാണ്ഡ്യയുടെ നടപടിയാണ് ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ചോദ്യമുയരാന്‍ കാരണം. ശ്രീലങ്കയ്ക്കെതിരായ ഒന്നാം ഏകദിനത്തില്‍ ഫീല്‍ഡിംഗിനിടെ വിക്കറ്റ് വീണതിന്റെ ആഘോഷത്തിന് ശേഷം ഹാര്‍ദിക് പാണ്ഡ്യയുടെ അനുചിതമായ പെരുമാറ്റം വിരാട് കോഹ്ലിയെ വേദനിപ്പിച്ചു.
ഈ മാസം ആദ്യം ഗുവാഹത്തിയില്‍ ശ്രീലങ്കയ്ക്കെതിരായ ആദ്യ ഏകദിന മത്സരത്തിനിടെ അപ്രതീക്ഷിതമായ ചിലത് ഇരുതാരങ്ങള്‍ക്കുമിടയില്‍ സംഭവിച്ചതായാണ് വിവരം. ഹാര്‍ദിക് പാണ്ഡ്യ വിരാട് കോഹ്ലിയെ പൂര്‍ണമായും അവഗണിച്ചതിന് പിന്നിലെ കാരണം എന്തായിരിക്കാം? മത്സരത്തില്‍ നേരത്തെ, ബാറ്റു ചെയ്യുമ്ബോള്‍ രണ്ടാം റണ്‍സ് ഓടിയെടുക്കാന്‍ പാണ്ഡ്യ വിസമ്മതിച്ചതിന് കോഹ്ലി ക്ഷുഭിതനായിരുന്നു. ഇതിനുശേഷമാണ് ഇരു കളിക്കാരും തമ്മിലുള്ള ബന്ധം വഷളായത്.
ഇന്ത്യയുടെ ഇന്നിംഗ്സിന്റെ 43-ാം ഓവറിലായിരുന്നു സംഭവം. കസുന്‍ രജിതയുടെ ഒരു പന്ത് ഓണ്‍സൈഡിലേക്ക് പായിച്ച കോഹ്ലി അനായാസം ഒരു റണ്‍സ് ഓടിയെടുത്തു. എന്നാല്‍ പന്ത് ഫീല്‍ഡര്‍ വിട്ടതോടെ, പെട്ടെന്ന് രണ്ടാമത്തെ റണ്‍സിനായി കോഹ്ലി ഹാര്‍ദിക്കിനോട് ആവശ്യപ്പെട്ടു. എന്നാല്‍ ഹാര്‍ദിക് റണ്‍സിനായി ഓടാന്‍ തയ്യാറായിരുന്നില്ല. ഇതോടെ പിച്ചിന്റെ പാതിയോളമെത്തിയ കോഹ്ലിക്ക് തിരിച്ചുപോകേണ്ടിവന്നു.
അപ്പോള്‍ കോഹ്ലി ക്ഷുഭിതനായി പാണ്ഡ്യയെ നോക്കി. ഈ നോട്ടം ഹാര്‍ദിക് പാണ്ഡ്യയെ അസ്വസ്ഥനാക്കിയെന്നും ഇതിനുശേഷം കോഹ്ലിയുമായുള്ള ബന്ധത്തില്‍ ഉലച്ചില്‍ ഉണ്ടായെന്നുമാണ് അദ്ദേഹത്തോട് അടുപ്പമുള്ളവര്‍ പറയുന്നത്.