KSRTCയിലെ പരസ്യം: സ്കീം സംബന്ധിച്ച നിലപാട് അറിയിക്കാന്‍ സര്‍ക്കാരിന് ഒരു മാസം അനുവദിച്ചു
ന്യൂഡല്‍ഹി: ബസുകളില്‍ പരസ്യം പതിക്കുന്നത് സംബന്ധിച്ച് കെ.എസ്.ആര്.ടി.സി. കൈമാറിയ പുതിയ സ്കീം പരിശോധിച്ച് വരികയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. സ്കീം സംബന്ധിച്ച നിലപാട് അറിയിക്കാന്‍ ഒരു മാസം കൂടി സമയം അനുവദിക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചു.
ജസ്റ്റിസുമാരായ സൂര്യ കാന്ത്, ജെ.കെ. മഹേശ്വരി എന്നിവര്‍ അടങ്ങിയ സുപ്രീംകോടതി ബെഞ്ചാണ് സംസ്ഥാന സര്‍ക്കാരിന് നിലപാട് അറിയിക്കാന്‍ കൂടുതല്‍ സമയം അനുവദിച്ചത്. കെ.എസ്.ആര്.ടി.സി. ബസുകളില്‍ പരസ്യം നിരോധിച്ച ഹൈക്കോടതി ഉത്തരവിന് ഏര്‍പ്പെടുത്തിയ സ്റ്റേ അതുവരെ തുടരുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിന് വേണ്ടി സ്റ്റാന്റിങ് കോണ്‍സല്‍ സി.കെ. ശശിയും കെ.എസ്.ആര്.ടി.സിക്ക് വേണ്ടി സ്റ്റാന്റിങ് കോണ്‍സല്‍ ദീപക് പ്രകാശുമാണ് ഹാജരായത്.
മറ്റ് വാഹനങ്ങളിലെ ഡ്രൈവര്‍മാരുടെയും, കാല്‍നട യാത്രക്കാരുടെയും ശ്രദ്ധ വ്യതിചലിപ്പിക്കുന്ന പരസ്യങ്ങള്‍ ഇനി മുതല്‍ ബസുകളില്‍ പതിക്കില്ലെന്ന് വ്യക്തമാക്കുന്ന സ്കീമാണ് കെ.എസ്.ആര്.ടി.സി. സുപ്രീംകോടതിക്ക് കൈമാറിയത്. മോട്ടോര്‍ വാഹന ചട്ടങ്ങള്‍ പാലിച്ച് ബസുകളുടെ വശങ്ങളിലും, പിന്‍ഭാഗത്തും മാത്രമേ പരസ്യം പതിക്കുന്നുള്ളുവെന്നും സ്കീമില്‍ കെ.എസ്.ആര്.ടി.സി. വ്യക്തമാക്കിയിട്ടുണ്ട്.
സ്കീമിലെ മറ്റ് നിര്‍ദേശങ്ങള്‍ ഇവയാണ്. പരസ്യങ്ങള്‍ പരിശോധിക്കുന്നതിനും അനുമതി നല്‍കുന്നതിനും എം.ഡിയുടെ അധ്യക്ഷതയില്‍ സമിതി രൂപീകരിക്കും. പതിച്ച പരസ്യങ്ങള്‍ക്ക് എതിരായ പരാതി പരിശോധിക്കുന്നതിന് ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജിയുടെ അധ്യക്ഷതയില്‍ മറ്റൊരു സമിതിക്ക് രൂപം നല്‍കും.
പരസ്യം പതിക്കുന്നതിന് ലഭിക്കുന്ന അപേക്ഷകളില്‍ പരിശോധനയും, അനുമതിയും നല്‍കുന്നതിന് എം.ഡിയുടെ അധ്യക്ഷതയില്‍ നാലംഗ സമിതിക്ക് രൂപം നല്‍കുമെന്നാണ് സ്കീമില്‍ വ്യക്തമാക്കിയിരിക്കുന്നത്. കെ.എസ്.ആര്.ടി.സിയുടെ ചീഫ് ലോ ഓഫീസര്‍, സീനിയര്‍ മാനേജര്‍ എന്നിവര്‍ക്ക് പുറമെ ഒരു സാങ്കേതിക അംഗവും ഉള്‍പ്പെടുന്നതാണ് സമിതി. ഡെപ്യുട്ടി ഡയറക്ടര്‍ തസ്തികയില്‍ നിന്ന് വിരമിച്ച പി.ആര്.ഡി. ഡയറക്ടറോ, മാധ്യമ പ്രവര്‍ത്തകരോ ആകും സാങ്കേതിക സമിതി അംഗം.
പതിക്കുന്ന പരസ്യം സംബന്ധിച്ച് പൊതുജനങ്ങള്‍ക്കുള്ള പരാതി പരിശോധിക്കുന്നതിന് പ്രത്യേക സെല്‍ രൂപീകരിക്കും. ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജി നേതൃത്വം നല്കുന്ന ഈ സമിതിയിലേക്ക് കെ.എസ്.ആര്.ടി.സിയിലെ ചീഫ് ലോ ഓഫീസറും, സീനിയര്‍ മാനേജറും അംഗമായിരിക്കും. പരാതികളില്‍ സമിതി സമയബന്ധിതമായി തീര്‍പ്പ് കല്‍പ്പിക്കുമെന്നും സര്‍ക്കാര്‍ സുപ്രീംകോടതിക്ക് കൈമാറിയ സ്കീമില്‍ വിശദീകരിച്ചിട്ടുണ്ട്.