കണ്ണൂര്‍: കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകനെയും ഭാര്യയെയും കെട്ടിയിട്ട് കവര്‍ച്ച നടത്തിയ കേസില്‍ അറസ്റ്റിലായ ബംഗ്ലാദേശി സ്വദേശി ഇല്യാസ് ഷിക്കാരി (36) ക്രൂരനായ കവര്ച്ചാക്കാരനെന്ന് പോലീസ്.
ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ വച്ച് കോല്‍ക്കത്ത എമിഗ്രേഷന്‍ വിഭാഗത്തിന്റെ സഹായത്തോടെ കണ്ണൂര്‍ ഡിവൈഎസ്പി പി.പി. സദാനന്ദന്റെ നേതൃത്വത്തിലാണ് ബംഗ്ലാദേശി സ്വദേശി ഇല്യാസ് ഷിക്കാരി (36)യുടെ അറസ്റ്റ് രേഖപ്പെടുത്തി കണ്ണൂരില്‍ കൊണ്ടുവന്നത്.
ഇയാളെ പിടികൂടിയശേഷം കോല്‍ക്കത്ത വിമാനത്താവളത്തില്‍വച്ചും പരിശോധനയ്ക്കായി ആശുപത്രിയില്‍ എത്തിച്ചപ്പോഴും പോലീസിനെയും മറ്റ് ഉദ്യോഗസ്ഥരെയും ആക്രമിച്ചും രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ ഏറെപണിപ്പെട്ടാണ് വിമാനമാര്‍ഗം പോലീസ് കണ്ണൂരിലെത്തിച്ചത്.
കൊള്ളസംഘത്തിന്റെ നേതാവും മൂന്നു കൊലക്കേസിലും നിരവധി കവര്‍ച്ചാകേസുകളിലും പ്രതിയായ ഇയാള്‍ ഇല്യാസ് ഖാന്, സജീവ് എന്നീ പേരുകളിലും അറിയപ്പെടുന്നുണ്ട്. മറ്റൊരു കവര്‍ച്ചാകേസില്‍ ഡല്‍ഹിയില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്ന ബംഗ്ലാദേശ് സ്വദേശി ആലങ്കീറി (32) നെ കണ്ണൂര്‍ സിറ്റി സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്തപ്പോഴാണ് ഇല്യാസാണ് കണ്ണൂരിലെ കവര്‍ച്ചയിലെ മുഖ്യസൂത്രധാരനെന്ന് വ്യക്തമായത്.
മാധ്യമപ്രവര്‍ത്തകനായ കെ.വിനോദ് ചന്ദ്രന്, ഭാര്യ സരിതകുമാരി എന്നിവരെ കണ്ണൂര്‍ സിറ്റി ഉരുവച്ചാലിലെ വീട്ടില്‍ വച്ച് ക്രൂരമായി ആക്രമിച്ച് കെട്ടിയിട്ട് പണവും സ്വര്‍ണവുമടക്കം 20 ലക്ഷം രൂപയുടെ മുതലുകള്‍ കവര്‍ന്ന സംഭവത്തിലാണ് അറസ്റ്റ്. ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും പാസ്പോര്‍ട്ട് സ്വന്തമായുള്ള ഇല്യാസ് ക്രൂരനായ കവര്‍ച്ചക്കാരനാണെന്ന് പോലീസ് പറയുന്നു.
ധാര്‍വാര്‍, ഹുബ്ലി, ഭോപ്പാല്‍, ഡല്‍ഹി, ബംഗളൂരു, എറണാകുളം തുടങ്ങിയ സ്ഥലങ്ങളില്‍ ഈ സംഘം കവര്‍ച്ചയ്ക്കിടെ കൊലപാതകവും നടത്തിയിട്ടുണ്ട്. എതിര്‍ത്തുനില്‍ക്കുന്ന ഇരയെ നിഷ്കരുണം കൊല്ലാന്‍ മടിക്കാത്തയാളാണ് ഇല്യാസ്.
ഇല്യാസ് കൂടി പിടിയിലായതോടെ കണ്ണൂരിലെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി. ആറംഗസംഘമാണ് കണ്ണൂരില്‍ കവര്‍ച്ച നടത്തിയതെന്ന് ഇയാള്‍ പോലീസിനോടു പറഞ്ഞു. ഇനി ഈ കേസില്‍ രണ്ടുപേരെകൂടി കിട്ടാനുണ്ട്. കവര്‍ച്ച നടത്തിയ സ്വര്ണാഭരണമടക്കമുള്ള മുതലുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
കൊള്ളക്കാരുടെ അക്രമത്തിനിരയായ വിനോദ് ചന്ദ്രൻ കാസർകോട് ബേഡകം പെർളടുക്കം സ്വദേശിയും മാതൃഭൂമി കണ്ണൂർ യൂണിറ്റ് ന്യൂസ് എഡിറ്ററുമാണ്.