ഇനി സൗദിക്ക് മുന്നിൽ ഭിക്ഷാപാത്രം നീട്ടിയിട്ട് കാര്യമില്ല, നടുവൊടിഞ്ഞ പാകിസ്ഥാനെ മുൻപത്തെ പോലെ സഹായിക്കാൻ തങ്ങളില്ലെന്ന് വ്യക്തമാക്കി സൗദി അറേബ്യ
സാമ്പത്തിക നില പരുങ്ങലിലായ പാകിസ്ഥാനെ എന്നും കൈയയച്ച് സഹായിച്ചിരുന്ന രാജ്യമാണ് സൗദി അറേബ്യ. സഖ്യരാജ്യമായ പാകിസ്ഥാനിലെ ബുദ്ധിമുട്ടുകൾ മനസിലാക്കി വൻ തുകയാണ് വായ്പയായും, സഹായമായും അനുവദിച്ചിരുന്നത്. ഇതിൽ വായ്പയായി ലഭിച്ച തുക കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതിനാൽ തിരികെ നൽകാൻ കഴിയാത്ത അവസ്ഥയിലാണ് പാകിസ്ഥാനിപ്പോൾ. പാകിസ്ഥാനിൽ പണപ്പെരുപ്പം കുത്തനെ ഉയരുകയും, രാജ്യത്തിന്റെ വിദേശ നാണ്യ കരുതൽ ശേഖരം ഇടിയുകയും ചെയ്തതോടെ പ്രതിസന്ധിയിൽ നിന്ന് കരകയറാൻ, പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോയും സഖ്യരാജ്യങ്ങളിൽ സന്ദർശനം നടത്തുകയാണ് ഇപ്പോൾ. ധനസഹായമോ വായ്പയോ നേടുക എന്നതാണ് സന്ദർശനത്തിന്റെ മുഖ്യലക്ഷ്യം. എന്നാൽ ഈ അവസരത്തിൽ സൗദി അറേബ്യയിൽ നിന്നും പാകിസ്ഥാന് ലഭിക്കുന്ന സന്ദേശം നിരാശാജനകമാണ്.പാകിസ്ഥാനിലെ സൗദിയുടെ നിക്ഷേപം ഒരു ബില്യണിൽ നിന്നും പത്ത് ബില്യൺ വരെ ഉയർത്താനാവുമെന്നാണ് ഈ മാസം ആദ്യം സൗദി സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തിരുന്നത്. പാകിസ്ഥാൻ സെൻട്രൽ ബാങ്കിലേക്കുള്ള നിക്ഷേപവും സൗദി അറേബ്യ അഞ്ച് ബില്യൺ ഡോളറായി ഉയർത്തിയേക്കുമെന്നും റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ വായ്പാ നയവുമായി ബന്ധപ്പെട്ട് ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ സൗദി അറേബ്യയുടെ ധനമന്ത്രി മുഹമ്മദ് അൽ ജദാൻ നടത്തിയ പരാമർശമാണ് പാകിസ്ഥാന് തിരിച്ചടിയായത്. സഖ്യകക്ഷികൾക്ക് സഹായം നൽകുന്ന രീതി രാജ്യം മാറ്റുകയാണെന്ന് ധനമന്ത്രി പറഞ്ഞു. മുമ്പ് ഉപാധികളില്ലാതെ നേരിട്ട് ഗ്രാന്റുകളും നിക്ഷേപങ്ങളും നൽകുന്ന രീതിയിൽ മാറ്റം വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. സഖ്യകക്ഷികൾക്ക് സാമ്പത്തിക സഹായങ്ങൾ ഇനിമുതൽ നൽകുന്നത് വ്യവസ്ഥകൾ മുന്നോട്ട് വച്ചിട്ടായിരിക്കും. ഇതിലൂടെ സാമ്പത്തിക പരിഷ്കാരങ്ങൾ നടപ്പാക്കാൻ മേഖലയിലെ രാജ്യങ്ങളെ സൗദി അറേബ്യ പ്രോത്സാഹിപ്പിക്കും.ഇനിമുതൽ സൗദിയിൽ നിന്നും ധനസഹായം തേടുന്നവർ ഗ്രാന്റിനെ മാത്രം ആശ്രയിക്കരുതെന്നും പകരം അവരുടെ രാജ്യത്ത് പരിഷ്കാരങ്ങൾ നടത്തണമെന്നുമാണ് സൗദി മന്ത്രി ഉദ്ദേശിച്ചത്. ധനസഹായം നൽകുന്നതിന് പകരം നിക്ഷേപമായി പണം അനുവദിക്കാനാണ് ഗൾഫ് രാജ്യം ലക്ഷ്യമിടുന്നത്. ഇതോടെ സൗദിയിൽ നിന്നും ഉടൻ മൂന്ന് ബില്യൺ യുഎസ് ഡോളർ ധനസഹായമായി ലഭിക്കുമെന്ന് പാക് കണക്കുകൂട്ടൽ തെറ്റിയിരിക്കുകയാണ്.
പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അന്താരാഷ്ട്ര നാണയ നിധി (ഐ എം എഫ്) മേധാവി ക്രിസ്റ്റലീന ജോർജീവയുമായി ഈ മാസം ആറാം തീയതി ചർച്ച നടത്തിയിരുന്നു. വായ്പയുടെ അടുത്ത ഘട്ടം അനുവദിക്കണമെന്ന അപേക്ഷയുമായാണ് ചർച്ച നടത്തിയത്. പാകിസ്ഥാൻ വ്യവസ്ഥകൾ പാലിക്കാത്തതിനാൽ വായ്പയുടെ പുതിയ ഗഡു നൽകാൻ ഐഎംഎഫ് വിസമ്മതിച്ചിരുന്നു.