കുറ്റപത്രം പൊതുരേഖയല്ല, വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കാൻ അന്വേഷണ ഏജൻസികൾക്ക് നിർദേശം നൽകാനാവില്ലെന്ന് സുപ്രീം കോടതി
ന്യൂഡൽഹി: കുറ്റപത്രങ്ങൾ പൊതുരേഖ അല്ലെന്നും വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കാൻ അന്വേഷണ ഏജൻസികൾക്ക് നിർദേശം നൽകാനാകില്ലെന്നും സുപ്രീം കോടതി. കുറ്റപത്രങ്ങൾ അന്വേഷണ ഏജൻസികളുടെ വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നാവശ്യപ്പെട്ട് വിവരാവകാശ പ്രവർത്തകനും മാദ്ധ്യമപ്രവർത്തകനുമായ സൗരവ് ദാസ് നൽകിയ ഹർജിയിലാണ് വിധി. ജസ്റ്റിസ് എം ആർ ഷാ, ജസ്റ്റിസ് സി ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്.ബലാത്സംഗം, ലൈംഗികാതിക്രമം ഒഴികെയുള്ള കേസുകളുടെ എഫ് ഐ ആർ 24 മണിക്കൂറിനകം വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്ന് യൂത്ത് ബാർ അസോസിയേഷൻ കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടതി നടത്തിയ വിധിന്യായം കുറ്റപത്രവുമായി കൂട്ടിച്ചേർക്കാനാകില്ലെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. നിരപരാധികളെ ഉപദ്രവിക്കാതിരിക്കാനും അവർക്ക് കോടതിയിൽ നിന്ന് ഇളവ് ലഭിക്കുന്നതിനുമാണ് എഫ് ഐ ആർ പൊതുജനങ്ങൾക്കായി പ്രസിദ്ധീകരിക്കണമെന്ന് നിർദേശിച്ചിട്ടുള്ളത്.കുറ്റപത്രം പ്രസിദ്ധീകരിക്കണമെന്നുള്ള നിർദേശം പ്രതിയുടെയും ഇരയുടെയും അന്വേഷണ ഏജൻസികളുടെയും അവകാശത്തെ ഹനിക്കുന്നതാണ്. കുറ്റപത്രം എവിഡൻസ് ആക്ടിന്റെ പരിധിയിൽ വരുന്ന പൊതുരേഖയല്ല. എഫ് ഐ ആർ വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കുന്നത് കുറ്റപത്രം ഇടുന്നതുമായി തുല്യമാകില്ലെന്നും കോടതി നിരീക്ഷിച്ചു.