കൈ കൊടുത്ത് അമിതാഭ് ബച്ചൻ, പുഞ്ചിരിയോടെ മെസിയും റൊണാൾഡോയും; വൈറലായി വീഡിയോ
റിയാദ്: ഫുട്ബോൾ പ്രേമികളെ ഒന്നടങ്കം ആവേശത്തിലാഴ്ത്തിക്കൊണ്ടാണ് കഴിഞ്ഞ ദിവസം ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഏറ്റുമുട്ടിയത്. സൗദി അറേബ്യയിലെ റിയാദിൽ വച്ച് നടന്ന മത്സരത്തിൽ ബോളിവുഡ് സൂപ്പർതാരം അമിതാഭ് ബച്ചനാണ് മുഖ്യാതിത്ഥിയായി എത്തിയത്. ഇപ്പോഴിതാ മെസിയെയും റൊണാൾഡോയെയും കാണാൻ കഴിഞ്ഞതിന്റെ സന്തോഷം സമൂഹമാദ്ധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് താരം
റിയാദിലെ ഒരു വൈകുന്നേരം. ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസി, എംബാപ്പെ, നെയ്മർ എല്ലാവരും ഒരുമിച്ച് കളിക്കുന്നു. മത്സരം ഉദ്ഘാടനം ചെയ്യാൻ നിയോഗിക്കപ്പെട്ടത് ഈ ഞാനും. അവിശ്വസനീയം!!!’ എന്നാണ് 45 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയ്ക്കൊപ്പം അദ്ദേഹം കുറിച്ചത്. മത്സരം ആരംഭിക്കുന്നതിന് മുമ്പ് റൊണാൾഡോയ്ക്കും മെസിക്കും അമിതാഭ് ബച്ചൻ ഹസ്തദാനം നൽകുന്നതും കുശലം ചോദിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. വീഡിയോ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.ജനപ്രിയ ക്വിസ് പരിപാടിയായ കോൻ ബനേഗാ ക്രോർപതിയുടെ ഒരു എപ്പിസോഡിൽ അമിതാഭ് ബച്ചൻ തന്റെ ഫുട്ബോൾ പ്രിയത്തെക്കുറിച്ച് പറഞ്ഞിരുന്നു. ഏറ്റവും ഇഷ്ടമുള്ള ഫുട്ബോൾ താരം പെലെ ആണെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.