അമ്മയുടെ മൃതദേഹം പിഞ്ചുമക്കളെ കാണിക്കില്ലെന്ന് ഭർതൃവീട്ടുകാർ: ആത്മഹത്യ ചെയ്ത യുവതിയുടെ സംസ്കാരം വൈകുന്നു
തൃശൂർ: ആത്മഹത്യചെയ്ത യുവതിയുടെ മൃതദേഹം മക്കളെ കാണിക്കാതെ ഭർതൃവീട്ടുകാരുടെ ക്രൂരത. തൃശൂർ പാവറട്ടി സ്വദേശി ആശയുടെ മൃതദേഹമാണ് പത്തും നാലും വയസുള്ള കുട്ടികളെ കാണിക്കില്ലെന്ന് ഭർതൃവീട്ടുകാർ നിലപാടെടുത്തത്. ഇതേത്തുടർന്ന് യുവതിയുടെ സംസ്കാരം വൈകുകയാണ്. ഇന്ന് രാവിലെ പത്തു മണിക്ക് ആശയുടെ പാവറട്ടിയിലെ വീട്ടിലായിരുന്നു സംസ്കാരം നിശ്ചയിച്ചിരുന്നത്. എന്നാൽ മക്കൾ എത്താത്ത സ്ഥിതിയിൽ സംസ്കാര കർമ്മങ്ങൾ വൈകുകയാണ്.വ്യാഴാഴ്ച ഭർത്താവിന്റെ വീട്ടിൽവച്ച് കുന്നിക്കുരു കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച ആശയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണ സമയം ഭർത്താവ് സന്തോഷും ആശയുടെ വീട്ടുകാരും ആശുപത്രിയിലുണ്ടായിരുന്നു. കുട്ടികളെ മരണാനന്തര ചടങ്ങുകൾക്ക് പോകാൻ അനുവദിക്കാത്തത് സന്തോഷിന്റെ ബന്ധുക്കളാണെന്നാണ് ആശയുടെ വീട്ടുകാർ പറയുന്നത് . സന്തോഷിന്റെ വീട്ടുകാരോട് കേണപേക്ഷിച്ചിട്ടും മക്കളെ വിടുന്നില്ലെന്നും അവർ പറയുന്നു.നാട്ടിക സ്വദേശിയായ സന്തോഷും ആശയും 12 വർഷം മുമ്പാണ് വിവാഹിതരായത്. ഭർതൃവീട്ടിലെ പീഡനം മൂലമാണ് ആശ ജീവനൊടുക്കിയതെന്നാണ് വീട്ടുകാരുടെ ആരോപണം.