ഇടുക്കിയിൽ വിനോദസഞ്ചാരികളുമായി ബസ് അൻപതടി താഴ്ചയിലേക്ക് വീണു, 21 പേർക്ക് പരിക്ക്
ഇടുക്കി: പെരുവന്താനത്തിന് സമീപം വിനോദസഞ്ചാരികൾ കയറിയ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അപകടം. കൊടികുത്തിയ്ക്കടുത്ത് ചാമപ്പാറ വളവിലാണ് മഹാരാഷ്ട്രയിലെ താനെ സ്വദേശികളായ വിനോദസഞ്ചാരികൾ യാത്രചെയ്യുകയായിരുന്ന മിനിബസ് നിയന്ത്രണം വിട്ട് റോഡിൽ നിന്നും അൻപത് അടി താഴ്ചയുളള കൊക്കയിലേക്ക് പതിച്ചത്. ഇരുപത് വിനോദസഞ്ചാരികളും ഡ്രൈവറുമാണ് ബസിലുണ്ടായിരുന്നത്. ഇവരെ എല്ലാവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൈകാലുകൾക്ക് പൊട്ടലടക്കം സാരമായ പരിക്കേറ്റ എട്ടുപേരെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മറ്റുളളവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. നിയന്ത്രണം വിട്ട് താഴേക്ക് മറിഞ്ഞ മിനിബസ് അൻപതടി താഴ്ചയിൽ ഒരു തെങ്ങിൽ തട്ടി നിന്നതിനാൽ വൻ ദുരന്തം ഒഴിവായി. പൊലീസും ഫയർഫോഴ്സുമടക്കം സ്ഥലത്തെത്തി അപകടത്തിൽ പെട്ടവരെ രക്ഷപ്പെടുത്തി. ആരുടെയും പരിക്ക് അതീവഗുരുതരമല്ലെന്നാണ് സൂചന. തേക്കടി സന്ദർശിച്ച ശേഷം തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു വിനോദസഞ്ചാരികൾ.