കാസര്‍കോട്: കൊറോണ ഭീതിയെ തുടര്‍ന്ന് ചൈനയില്‍ നിന്ന് കാസര്‍കോട് ജില്ലയില്‍ ഇതുവരെ തിരിച്ചെത്തിയത് 76 പേര്. കഴിഞ്ഞ ദിവസങ്ങളിലായി അറുപതുപേരാണ് കാസര്‍കോട്ട് മടങ്ങിയെത്തിയത്. ഇന്നലെ വൈകിട്ടോടെ പതിനാറുപേര്‍ കൂടി എത്തുകയായിരുന്നു.
ചൈനയില്‍ നിന്നെത്തിയവരെയെല്ലാം കാസര്‍കോട് ജനറല്‍ ആശുപത്രിയിലും കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിലും പരിശോധനക്ക് വിധേയമാക്കി വരികയാണ്. ഇതുവരെ ആര്‍ക്കും രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. സംശയമുള്ളതിനാല്‍ ഒരാളെ ജില്ലാ ആശുപത്രിയില്‍ കൊറോണ വൈറസ് ബാധിതര്‍ക്കായി പ്രത്യേകം സജ്ജമാക്കിയ വാര്‍ഡില്‍ കിടത്തിചികിത്സിക്കുന്നുണ്ട്. ഈ വ്യക്തിയുടെ രക്തസാമ്ബിള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഫലം വന്നാല്‍ മാത്രമേ കൊറോണ ബാധിച്ചിട്ടുണ്ടോയെന്ന് വ്യക്തമാകുകയുള്ളൂവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ചൈനയിലെ കെറോണവൈറസ് ബാധിത പ്രദേശത്തുനിന്നു മാത്രം വന്നവരുടെ രക്തസാമ്ബിളുകളാണ് ശേഖരിക്കുന്നത്. ചൈനയിലെ മറ്റു ഭാഗങ്ങളില്‍ നിന്നും വന്നവരെ പ്രാഥമിക പരിശോധനയ്ക്ക് മാത്രമാണ് വിധേയരാക്കുന്നത്.
നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എന്നാല്‍ ജാഗ്രതയും പ്രതിരോധ പ്രവര്‍ത്തനങ്ങളും തുടരണമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നു. ചൈനയില്‍ നിന്നും ഇനിയും കാസര്‍കോട്ടേക്ക് ആളുകള്‍ തിരിച്ചുവരുമെന്ന് ആരോഗ്യവകുപ്പധികൃതര്‍ക്ക് വിവരമുണ്ട്. കെറോണ വൈറസ് ബാധിച്ചതായി തെളിഞ്ഞാല്‍ കിടത്തി ചികിത്സിക്കാനുള്ള പ്രത്യേക വാര്‍ഡുകള്‍ ജില്ലയിലെ പ്രധാനപ്പെട്ട രണ്ട് സര്‍ക്കാര്‍ ആശുപത്രികളിലും ഏര്‍പ്പെടുത്തിയിട്ടുണ്ട്.